Cricket Sports

പിങ്ക് പന്തിൽ തകർപ്പൻ സെഞ്ചുറിയുമായി സ്മൃതി മന്ദന; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 76 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലാണ്. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയെ കരുത്തുറ്റ നിലയിൽ എത്തിച്ചത്. 127 റൺസെടുത്ത് മന്ദന പുറത്താവുകയായിരുന്നു. (smriti mandhana century india)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ടെസ്റ്റ് എന്ന റെക്കോർഡിലേക്ക് പാഡണിഞ്ഞെത്തിയ ഓപ്പണർമാർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. സ്മൃതി ആക്രമണ സ്വഭാവത്തോടെ കളിച്ചപ്പോൾ ഷഫാലി സെക്കൻഡ് ഫിഡിൽ റോളിലായിരുന്നു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഷഫാലിയുടെ ചില ക്യാച്ചുകൾ ഓസീസ് ഫീൽഡർമാർ നിലത്തിടുകയും ചെയ്തു. 93 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ഷഫാലി മടങ്ങി. സോഫി മോളിന്യുവിൻ്റെ പന്തിൽ ഷഫാലിയെ (31) തഹ്‌ലിയ മഗ്രാത്ത് പിടികൂടുകയായിരുന്നു. മറുവശത്ത് സ്ട്രോക്ക് പ്ലേയുടെ മാസ്റ്റർ ക്ലാസാണ് സ്മൃതി കാഴ്ചവച്ചത്. ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം ഒടുവിൽ അർഹിച്ച സെഞ്ചുറി കണ്ടെത്തി. ടെസ്റ്റ് കരിയറിൽ സ്മൃതിയുടെ ആദ്യ സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സ്മൃതി സ്വന്തമാക്കി.

മൂന്നാം നമ്പറിലെത്തിയ പൂനം റാവത്ത് സ്മൃതിക്ക് ഉറച്ച പിന്തുണ നൽകി. ഏറെ ശ്രദ്ധയോടെ ബാറ്റ് വീശിയ താരം സ്മൃതിക്കൊപ്പം രണ്ടാം വിക്കറ്റിൽ 102 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സ്മൃതിയെ തഹ്‌ലിയ മഗ്രാത്തിൻ്റെ കൈകളിലെത്തിച്ച ആഷ്‌ലി ഗാർഡ്നർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 127 റൺസെടുത്തതിനു ശേഷമാണ് സ്മൃതി മടങ്ങിയത്.

സ്മൃതി പുറത്തായതിനു ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ കുതിക്കുകയാണ്. പൂനം റാവത്ത് (36), മിതാലി രാജ് (9) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് അപരാജിതമായ 17 റൺസ് കൂട്ടുകെട്ടാണ് ഉയർത്തിയിരിക്കുന്നത്.