Sports

കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു മാത്രമാണ് വിജയിച്ചത്.

തുടർച്ചയായ രണ്ടാം സ്വർണം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വെള്ളി നേടാനായിരുന്നു യോഗം. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ്‌രാജ് റാങ്കിറെഡ്ഡിയും മലേഷ്യയുടെ ടെങ് ഫോങ് ആരോൺ ചിയ, വൂയി യിക്ക് എന്നിവർക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് മത്സരത്തിൽ മലേഷ്യൻ സഖ്യം 21-18, 21-15ന് ആദ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ പി.വി സിന്ധു ജിൻ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി. 21-17 എന്ന സ്കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പി.വി സിന്ധുവിനായി. എന്നാൽ ടൈയിലെ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.

ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ മലേഷ്യൻ താരം ഇന്ത്യൻ എയ്‌സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകർപ്പൻ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്‌ചറിലെ നാലാം മത്സരത്തിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരൻ തിന, കൂങ് ലെ പേർളി ടാൻ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്ത്യൻ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യൻ ജോഡി 2022 ഗെയിംസിൽ സ്വർണം നേടി.

ഇതോടെ നാലു വർഷം മുമ്പ് ഗോൾഡ് കോസ്റ്റിൽ ഇന്ത്യയോട് തോറ്റ കിരീടം മലേഷ്യ തിരിച്ചുപിടിച്ചു. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഇന്ത്യ ആദ്യമായി ഈ ഇവന്റിന്റെ സ്വർണ മെഡൽ നേടിയിരുന്നു. അന്ന് മലേഷ്യയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. വീണ്ടും ഇരു ടീമുകളും മുഖാമുഖം വന്നെങ്കിലും ഇത്തവണ ആ വിജയം ആവർത്തിക്കാൻ ഇന്ത്യൻ ടീമിനായില്ല.