Football Sports

കൊപ ഇറ്റാലിയയില്‍ റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി, ഉടന്‍ വന്നു മെസി- റൊണാള്‍ഡോ താരതമ്യം

ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലെത്തിയിട്ടുണ്ട്…

ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ കോപ ഇറ്റാലിയ ഫൈനലിലെത്തിയിരിക്കുകയാണ് യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയ പെനല്‍റ്റിയാണ് ഫുട്‌ബോള്‍പ്രേമികളുടെ ചര്‍ച്ചകളെ വീണ്ടും ചൂടാക്കിയിരിക്കുന്നത്. ആദ്യ പാദത്തില്‍ എ.സി മിലാനെ യുവന്റസ് 1-1ന് സമനിലയില്‍ കുരുക്കിയ മത്സരത്തിലും അധിക സമയത്ത് റൊണാള്‍ഡോ ഗോള്‍ നേടിയത് പെനല്‍റ്റിയിലൂടെയായിരുന്നു.

എ.സി മിലാനെതിരായ മത്സരത്തില്‍ പതിനാറാം മിനുറ്റിലാണ് യുവന്റസിന് മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം ലഭിച്ചത്. സ്വന്തം പെനല്‍റ്റി ബോക്‌സില്‍ വെച്ച് മിലാന്‍ പ്രതിരോധക്കാരന്‍ ആന്ദ്രേ കോന്റിയുടെ കയ്യില്‍ പന്ത് തട്ടിയതാണ് പെനല്‍റ്റിക്ക് കാരണമായത്. വാര്‍ പരിശോധനക്കൊടുവില്‍ റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു.

പെനല്‍റ്റി സ്‌പെഷലിസ്റ്റ് റൊണാള്‍ഡോ തന്നെ കിക്കെടുക്കാനായി എത്തുകയും ചെയ്തു. റൊണാള്‍ഡോയുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. യുവന്റസിനൊപ്പം കളിച്ച രണ്ട് സീസണില്‍ ഇത് രണ്ടാം തവണയാണ് റൊണാള്‍ഡോക്ക് പെനല്‍റ്റി നഷ്ടമാവുന്നത്. അപകടമേഖലയില്‍ നിന്നും പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഫൗള്‍ ചെയ്ത മിലാന്‍ താരം റുബിക്കിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.

യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലെത്തിയതിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനല്‍റ്റി നഷ്ടമാണ് ആരാധകരുടെ ഇഷ്ട വിഷയമായി മാറിയത്. വൈകാതെ മെസിയുമായുള്ള താരതമ്യത്തിലേക്കും പല ചര്‍ച്ചകളുമെത്തി.

റൊണാള്‍ഡോ മെസിക്ക് പഠിക്കുകയാണെന്നായിരുന്നു ചില ആരാധകരുടെ പരാമര്‍ശം. പെനല്‍റ്റി നഷ്ടമാക്കുന്ന ലോകത്തെ ആദ്യ ബില്യണയര്‍ ഫുട്‌ബോളര്‍ എന്ന വിശേഷണവും റൊണാള്‍ഡോക്ക് ചാര്‍ത്തപ്പെട്ടു. കോവിഡ് ആരംഭിച്ച ശേഷം പെനല്‍റ്റി നഷ്ടമാക്കുന്ന ആദ്യ ഫുട്‌ബോളറെന്നും റൊണാള്‍ഡോയെ വിളിച്ചു.

2016ലെ കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ തോറ്റ നിര്‍ണ്ണായക മത്സരത്തിലെ മെസിയുടെ പെനല്‍റ്റി നഷ്ടം വരെ ഇതിനിടെ എടുത്തിടപ്പെട്ടു. റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി എന്നു കരുതി പെനല്‍റ്റി നഷ്ടമാക്കിയതിന്റെ പേരില്‍ ഫുട്‌ബോളില്‍ നിന്നും ഒരാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച വസ്തുത ഇല്ലാതാവുന്നില്ലെന്നായിരുന്നു ഒരു ആരാധകന്റെ ഓര്‍മ്മിപ്പിക്കല്‍.