Cricket

അനായാസം ആർസിബി; ഗുജറാത്തിനെ തകർത്ത് രണ്ടാം ജയം

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിനെ 7 വിക്കറ്റിന് 107ൽ ഒതുക്കിയ ബാംഗ്ലൂർ 12.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം. (wpl rcb won gujarat)

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആർസിബിയുടെ ബൗളിംഗ്. കൃത്യതയോടെ പന്തെറിഞ്ഞ ആർസിബി ബൗളർമാർ ഗുജറാത്തിനെ ക്രീസിൽ തളച്ചിട്ടു. ബെത്ത് മൂണി (8), ഫീബി ലിച്ച്ഫീൽഡ് (5), വേദ കൃഷ്ണമൂർത്തി (9), ആഷ്ലി ഗാർഡ്നർ (7), കാതറിൻ ബ്രൈസ് (3) എന്നിവർ ഒറ്റയക്കത്തിനു പുറത്തായി. ഓപ്പണിംഗിലെത്തിയ ഹർലീൻ ഡിയോൾ 22 റൺസ് നേടിയെങ്കിലും 31 പന്തുകൾ നേരിട്ടു. 25 പന്തിൽ 31 റൺസ് നേടിയ ഡയലൻ ഹേമലതയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. സ്നേഹ് റാണ 10 പന്തിൽ 12 റൺസ് നേടി. രേണുക സിംഗിനൊപ്പം 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി മോളിന്യൂവും ആർസിബി ബൗളിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിൽ സോഫി ഡിവൈനെ (6) വേഗം നഷ്ടമായെങ്കിലും തകർപ്പൻ ഫോമിലായിരുന്ന മന്ദന ആക്രമിച്ചുകളിച്ചു. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾ കഴുകിക്കളഞ്ഞ താരം ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിക്കവെ പുറത്തായി. തുടർന്ന് സബ്ബിനേനി മേഘന (28 പന്തിൽ 36), എലിസ് പെറി (14 പന്തിൽ 23) എന്നിവർ ചേർന്ന് ആർസിബിയെ വിജയത്തിലേക്ക് നയിച്ചു.

രണ്ട് മത്സരങ്ങളും വിജയിച്ച ആർസിബി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനും രണ്ട് പോയിൻ്റുണ്ടെങ്കിലും മികച്ച നെറ്റ് റൺ നേട് ആർസിബിയ്ക്ക് നേട്ടമായി.