Cricket Sports

ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുത്ത് ബിസിസിഐ; വനിതകളുടെ ത്രിദിന ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും

വനിതകളുടെ ത്രിദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും. ഈ മാസം 29 മുതൽ പൂനെയിലാണ് ടൂർണമെൻ്റ് ആരംഭിക്കുക. രാജ്യാന്തര തലത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നീക്കം. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു.

ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സെൻട്രൽ, നോർത്തീസ്റ്റ്, സൗത്ത് എന്നീ അഞ്ച് സോണുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാവും ടൂർണമെൻ്റിൽ ഏറ്റുമുട്ടുക. ആകെ അഞ്ച് മത്സരങ്ങൾ. രണ്ട് ക്വാർട്ടർ ഫൈനലുകൾ, രണ്ട് സെമിഫൈനലുകൾ, ഒരു ഫൈനൽ എന്നിങ്ങനെയാണ് മത്സരക്രമം. സെമിയിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ടീമുകൾ ഏതെന്ന് നിലവിൽ വ്യക്തതയില്ല. ക്വാർട്ടർ ഫൈനലുകൾ 29നും സെമി മത്സരങ്ങൾ ഏപ്രിൽ അഞ്ചിനും നടക്കും. ഏപ്രിൽ 9നാവും ഫൈനൽ.