Cricket Sports

വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനോട് നാണംകെട്ട തോൽവി, സെമി കാണാതെ കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിർണായകമായ ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. താരം 114 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുനാൽ സിംഗ് റാത്തോഡ് മികച്ച പിന്തുണ നൽകി. കേരളത്തിനായി അഖിൻ സത്താർ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കേരള നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 39 പന്തിൽ 28 റൺസെടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ. രോഹൻ കുന്നുമ്മൽ 11 റൺസെടുത്തു. അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്‍റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും, ഖാൻ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് എടുത്തപ്പോൾ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.