Cricket Sports

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍: ഗൗതം ഗംഭീര്‍

ഐ.പി.എല്ലിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജുവാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ഗംഭീർ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.സി.സി.ഐ, ഐപിഎൽ, രാജസ്ഥാൻ റോയൽസ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ; പൊതുവേ ക്രിക്കറ്റിലെ വ്യക്തികളെ കുറിച്ച് പറയാൻ താൽപര്യപ്പെടാത്ത ആളാണ് ഞാൻ. പക്ഷെ സഞ്ജുവിൻെറ കഴിവ് കാണുമ്പോൾ സന്തോഷത്തോടെ പറയാൻ ആഗ്രഹിക്കുകയാണ്. നിലവിൽ സഞ്ജുവാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. അവൻ ലോകകപ്പിൽ നാലാമനായി ബാറ്റ് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്