Cricket

തിരിച്ചു വരവ് ഗംഭീരമാക്കി പൃഥ്വി ഷാ; തകർത്തടിച്ച് റുസ്സോവ്; പഞ്ചാബിന് 214 വിജയലക്ഷ്യം

ബാറ്റിംഗ് നിര തകർപ്പൻ പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബിന് 214 വിജയലക്ഷ്യം. ഡൽഹിയുടെ ബാറ്റർമാർ തിളങ്ങിയ മത്സരത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണുകളാണ് ടീം എടുത്തത്. ആറു മത്സരങ്ങളുടെ ഇടവേളക്ക് ശേഷം കളികളത്തിലെത്തിയ പൃഥ്വി ഷാ ടീമിനെ മുന്നിൽ നിന്നും നയിച്ചു. 

ഓപ്പണർമാരായ ഡേവിഡ് വാർണറും പൃഥ്വി ഷാ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം ഡൽഹി കാഴ്ചവെച്ചു. 31 പന്തിൽ നിന്ന് 46 റണ്ണുകൾ നേടിയ വാർണറും 38 പന്തുകളിൽ നിന്ന് 54 റണ്ണുകൾ നേടിയ പൃഥ്വി ഷായും ടീമിന്റെ മുന്നോട്ട് നയിച്ചു. പത്താമത്തെ ഓവറിൽ സാം കരന്റെ പന്തിൽ ധവാന് ക്യാച്ച് നൽകി വാർണർ കളം വിട്ടു

എന്നാൽ, പകരമിറങ്ങിയ റുസ്സോവ് പഞ്ചാബ് ബോളർമാരെ നിലത്തുനിർത്തിയില്ല. വാർണർ അവസാനിപ്പിച്ചതിൽ നിന്നും തുടങ്ങിയ റുസ്സോവ് 37 പന്തിൽ ആറ് വീതം ഫോറും സിക്സുമായി നേടിയത് 82 റണ്ണുകൾ. പതിനഞ്ചാം ഓവറിൽ സാം കരന്റെ പന്തിൽ പൃഥ്വി ഷാ പുറത്തായപ്പോൾ കളിക്കളത്തിലെത്തിയ ഫിലിപ് സാൾട് റുസ്സോവിന് പിന്തുണ നൽകിയതോടെ ടീമിന്റെ ടോട്ടൽ 200 കടന്നു. 14 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്സുമായി സാൾട്ട് നേടിയത് 26 റണ്ണുകൾ.