Cricket Sports

കരുത്തുറ്റ ടീമുമായി വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പിന്

കരുത്തുറ്റ നിരയുമായി ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ആന്‍ഡ്രെ റസല്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയ തീരുമാനം. 2018 ജൂലൈയിലാണ് റസല്‍ അവസാന ഏകദിനം കളിക്കുന്നത്. എന്നാല്‍ ഐ.പി.എല്ലിലെ തകര്‍പ്പന്‍ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. അതേസമയം കീരണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഓള്‍ റൗണ്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് വിന്‍ഡീസ് ടീം.

ബാറ്റിങ് ലൈനപ്പിന് കരുത്ത് പകരാനായി ക്രിസ് ഗെയില്‍, എവിന്‍ ലെവിസ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷായ് ഹോപ്, ആന്‍ഡ്രെ റസല്‍, ഡാരന്‍ ബ്രാവോ എന്നിവരുണ്ട്. രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ നിക്കോളാസ് പുരാന്‍ ഇടം നേടി. കീമര്‍ റോച്ച് നയിക്കുന്ന പേസ് പടയില്‍ ഇടംകയ്യന്‍ പേസര്‍ ഷെല്‍ഡന്‍ കോട്രെല്‍, ഓശാനെ തോമസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരുമുണ്ട്.