Cricket Sports

വിന്‍റീസിന് മുന്നില്‍ മഴ നാശം വിതച്ചു; ഇന്ത്യക്ക് ജയം

മഴ മൂലം നിര്‍ത്തിവെച്ച ഇന്ത്യ വെസ്റ്റ് ഇന്‍റീസ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് 22 റണ്‍സ് ജയം. ഡി.എല്‍.എസ് നിയമത്തിലൂടെയാണ് ഇന്ത്യയുടെ വിജയം. 15.3 ഓവറില്‍ 98 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ വിന്‍റീസ് നില്‍ക്കെയാണ് കളി തടസപ്പെട്ടത്. എട്ട് റണ്‍സെടുത്ത് കൊണ്ട് പൊള്ളാര്‍ഡും ആറ് റണ്‍സുമായി ഹെറ്റ്മെയറുമായിരുന്നു ക്രീസില്‍. 54 റണ്‍സ് നേടിയ റോവ്മാന്‍ പവലിന്‍റെ മികച്ച പ്രകടനമാണ് വിന്‍റീസിന് വിജയ പ്രതീക്ഷകള്‍ നല്‍കിയത്. എന്നാല്‍, മഴ കരീബിയന്‍ പടക്ക് മുന്നില്‍ നാശം വിതച്ചു. ഇന്ത്യക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ക്രുണാലാണ് കളിയിലെ താരം.

നേരത്തെ ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മ 51 പന്തുകളില്‍ നിന്നും നേടിയ 67 റണ്‍സിന്‍റെ പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് ഇന്ത്യ എടുത്തിരുന്നു. വിന്‍റീസിനായി ഷെല്‍ഡന്‍ കോട്രെല്ലും ഓഷാനെ തോമസും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് ഇതോടെ കൈപ്പിടിയിലൊതുക്കി കഴിഞ്ഞു.