Cricket Sports

ഞാനത് കാര്യമാക്കുന്നില്ല; ഗംഭീറിന്റെ പരിഹാസത്തിന് കോഹ്‌ലിയുടെ മറുപടി

ഗൗതം ഗംഭീറിന്റെ പരിഹാസത്തിന് മറുപടിയുമായി വിരാട് കോഹ്‌ലി. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകനായ കോഹ്‌ലിക്ക് ഇതുവരെ ഐ.പി.എല്‍ കിരീടം നേടാനായില്ലെന്നായിരുന്നു പരിഹാസ രൂപേണയുള്ള ഗംഭീറിന്റെ പ്രസ്താവന. എന്നാല്‍ ഐ.പി.എല്‍ കിരീടം നേടാത്തതിന്റെ പേരില്‍ തന്നെ വിലയിരുത്തുന്നതിനെ കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.

2019 ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടാനിരിക്കവെയാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. കളിക്കുന്നത് തന്നെ ജയിക്കാനാണ്, എല്ലാ കിരീടങ്ങളും നേടുക എന്നത് തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം, അതിനായി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നു, പക്ഷേ എല്ലായ്‌പ്പോഴും അതിന് കഴിഞ്ഞെന്ന് വരില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ആര്‍.സി.ബിക്ക് ഇതുവരെ ഒരൊറ്റ കിരീടവും നേടിക്കൊടുക്കാഞ്ഞിട്ടും നായക സ്ഥാനത്ത് നിന്ന് മാറ്റാത്തത് കോഹ്‌ലിയുടെ ഭാഗ്യമാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. പിന്നാലൊയണ് ഗംഭീറിന്റെ ഈ പ്രസ്താവനക്ക് കോഹ്‌ലി തന്നെ രംഗത്ത് എത്തിയത്. ഇന്ന് രാത്രി എട്ടിന് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സുമായാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. ജയിച്ച് തുടങ്ങാന്‍ തന്നെയാണ് ഇരു ടീമുകളും തയ്യാറെടുക്കുന്നത്.