Cricket Sports

അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ

അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്.

‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയ പ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്.’- ഇങ്ങനെയായിരുന്നു കനേരിയയുടെ രണ്ടാമത്തെ ട്വീറ്റ്.

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുക.

പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പങ്കെടുത്തത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രിസന്ദർശനം നടത്തി.