Cricket Sports

അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം

അഡ്ലെയ്ഡ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 48 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 287 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോണ്‍ ചെയ്യപ്പെട്ട പാകിസ്ഥാന് 239 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലയണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡുമാണ് പാകിസ്ഥാനെ തകര്‍ത്തത്. 65 റണ്‍സ് നേടിയ ഷാന്‍ മസൂദ്, 57 റണ്‍സ് നേടിയ ആസാദ് ഷഫീഖ്, 45 റണ്‍സ് നേടിയ മൊഹമ്മദ് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്സില്‍ 97 റണ്‍സ് നേടിയ ബാബര്‍ അസമിനും 113 റണ്‍സ് നേടിയ യാസിര്‍ ഷായ്ക്കും രണ്ടാം ഇന്നിങ്സില്‍ തിളങ്ങാന്‍ സാധിച്ചില്ല.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും സെഞ്ചുറി നേടിയ മാര്‍നസ് ലാബുഷെയ്ന്റെയും മികവിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. വിജയത്തോടെ പരമ്ബര 2-0 ന് ഓസ്‌ട്രേലിയ തൂത്തുവാരി. ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും ..