Cricket Sports

പഞ്ചാബിനെതിരെ മുംബൈക്ക് 48 റണ്‍സ് വിജയം

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 48 റണ്‍സിന്‍റെ വിജയം നേടി മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു കളികളില്‍ നിന്ന് ഒരു വിജയം നേടാനേ കെ.എല്‍ രാഹുല്‍ നയിക്കുന്ന കിങ്സ് ഇലവന് കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഷെല്‍ഡണ്‍ കോട്രെലിന്റെ ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്ക് പുറത്തായി. സൂര്യകുമാര്‍ യാദവും നിലയുറപ്പിക്കുന്നതിനു മുന്നേ റണ്‍ ഔട്ടായി. പിന്നീട് ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 45 പന്തില്‍ 70 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. രോഹിത്ത് പുറത്തായ ശേഷം എത്തിയ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും സ്കോറിങ് വേഗം കൂട്ടി ടീമിനെ മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു. പൊള്ളാര്‍ഡ് 20 പന്തില്‍ 47 റണ്‍സടിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 30 റണ്‍സ് നേടി കരുത്ത് കാട്ടി.

കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി നിക്കോളാസ് പൂരാന്‍ മാത്രമാണ് തിളങ്ങിയത്. 27 പന്തില്‍ 44 റണ്‍സെടുത്ത പൂരാന്‍ അര്‍ദ്ധ സെഞ്ച്വറിക്കകലെ വീഴുകയായിരുന്നു. മുംബൈ നിരയില്‍ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയും 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത രാഹുല്‍ ചഹാറും ടീമിന്‍റെ ബൌളിങ് നിരയില്‍ കരുത്ത് കാട്ടി. മികച്ച ഒരു പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താന്‍ പോലും കഴിയാതിരുന്ന പഞ്ചാബിന് സ്‌കോര്‍ പിന്തുടരുന്ന ഒരു ഘട്ടത്തില്‍ പോലും മുംബൈക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല.