Cricket

മൂന്ന് ഐസിസി കിരീടങ്ങൾ; ‘അതൊക്കെ ധോണിയെക്കൊണ്ട് മാത്രമെ സാധിക്കൂ’; ഗംഭീർ

ടി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ മുൻ നായകൻ എം എസ് ധോണിയെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സെഞ്ചുറികളുടെ എണ്ണത്തിൽ വിരാട് കോലിയെയും രോഹിത് ശർമയെയും മറികടക്കുന്ന ഒരു കളിക്കാരൻ ഇനിയും വരുമായിരിക്കും, പക്ഷെ എനിക്ക് തോന്നുന്നില്ല, ധോണിയെപ്പോലെ ഇനിയൊരു ഇന്ത്യ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങൾ നേടാനാവുമെന്ന്-ഗംഭീർ പറഞ്ഞു.(gambhir praises dhoni for his captaincy)

2013ൽ ധോണിയുടെ നേതൃത്വത്തിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം നേടാനായിട്ടില്ല. രോഹിത് ശർമയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിൻറെ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെയാണ് മൂന്ന് ഐസിസി കിരീടങ്ങൾ നേടിയിട്ടുള്ള ധോണിയെ ഗംഭീർ സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ പുകഴ്ത്തിയത്.

2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഫൈനലിലെ ടോപ് സ്കോറർ ഗംഭീറായിരുന്നു. കിരീട നേട്ടത്തിന് ധോണിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തുമ്പോൾ തനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതിലെ അസംതൃപ്തി പലപ്പോഴും ഗംഭീർ തുറന്നു പറഞ്ഞിട്ടുണ്ട്.തോൽവിക്ക് പിന്നാലെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് കരുതുന്നവരിൽ നിന്ന് മാത്രമെ എന്തെങ്കിലും പ്രതീക്ഷിക്കാവു, തല ഉയർത്തു കുട്ടികളെ എന്ന് ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു.