Sports

2019 ലോകകപ്പിൽ കളിക്കളത്തിൽ, 2023 ലോകകപ്പ് യോഗ്യതാമത്സരത്തിൽ കമൻ്ററി ബോക്സിൽ; തോറ്റുപോയ കാർലോസ് ബ്രാത്‌വെയ്റ്റ്

കാർലോസ് ബ്രാത്വെയ്റ്റ്. ഇന്നലെ നെതർലൻഡ്സിനെതിരെ സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസ് മുട്ടുമടക്കിയപ്പോൾ കമൻ്ററി ബോക്സിൽ അയാളുണ്ടായിരുന്നു. സൂപ്പർ ഓവറിൽ സ്കോട്ട് എഡ്വാർഡ്സ് പിടിച്ച് ജേസൻ ഹോൾഡർ പുറത്താകുമ്പോൾ അയാൾ നിശബ്ദനായിരുന്നു. ബോക്സിലുണ്ടായിരുന്ന രണ്ടാമത്തെ കമൻ്റേറ്റർ നെതർലൻഡിൻ്റെ ചരിത്രവിജയത്തിൻ്റെ അവിശ്വസനീയത വിവരിക്കുമ്പോൾ ബ്രാത്വെയ്റ്റ് നിരാശനായി, സങ്കടം അടക്കിപ്പിടിച്ച് ഒരുവാക്കും പറയാനില്ലാതെ നിൽക്കുകയായിരുന്നു. സൂപ്പർ ഓവറിൽ 30 റൺസടിച്ച്, സൂപ്പർ ഓവറിൽ പന്തെറിഞ്ഞ് രണ്ട് വിക്കറ്റെടുത്ത ലോഗൻ വീൻ ബീക്കിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിക്കാനെത്തിയപ്പോഴും ബ്രാത്‌വെയ്റ്റിൻ്റെ മുഖത്ത് സങ്കടം തന്നെയായിരുന്നു. ഒരുവേള, 4 വർഷങ്ങൾക്കു മുൻപ് മറ്റൊരു ലോകകപ്പ് മത്സരത്തിൽ വിജയത്തിനരികെ താൻ തോറ്റുപോയത് അയാൾ ഓർത്തിരുന്നിരിക്കണം. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് നേടിയിട്ടും ഗ്ലോറി ഷോട്ടിൽ വീണുപോയി, തലതാഴ്ത്തിയിരിക്കേണ്ടിവന്ന തൻ്റെ ചിത്രം അയാളെ അലട്ടിയിട്ടുണ്ടാവും. ആ കഥയിൽ ഹൃദയം പൊടിയുന്ന വേദനയുണ്ട്. 

ലോകകപ്പിലെ 29ആം ഗ്രൂപ്പ് ഘട്ട മത്സരം. ജൂൺ 22 ന്, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ന്യൂസീലൻഡ് മുന്നോട്ടുവച്ചത് 292 റൺസ് വിജയലക്ഷ്യം. കെയിൻ വില്ല്യംസണിൻ്റെ സെഞ്ചുറിയും റോസ് ടെയ്ലറിൻ്റെ ഫിഫ്റ്റിയും ന്യൂസീലൻഡ് ഇന്നിംഗ്സിൻ്റെ ഊർജമായി. മറുപടി ബാറ്റിംഗിൽ വിൻഡീസ് തകർന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിൽ നിന്ന് ക്രിസ് ഗെയിലും ഷിംറോൺ ഹെട്മെയറും ചേർന്ന് 120 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി വിൻഡീസിനു പ്രതീക്ഷ നൽകി. എന്നാൽ, അവിടെനിന്ന് അവർ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തുന്നു. വിൻഡീസ് തോൽവിയുറപ്പിച്ചു.

ഹിയർ കംസ് ബാർലോസ് ബ്രാത്‌വെയ്റ്റ്. ഇയാൻ ബിഷപ്പിൻ്റെ ‘കാർലോസ് ബ്രാത്‌വെയ്റ്റ്, റിമംബർ ദ നെയിം’ എന്ന ആരവത്തിൻ്റെ അലയൊലികൾ അടങ്ങിത്തുടങ്ങിയ കാലമാണ്. ബെൻ സ്റ്റോക്സിനെതിരെ നാലു സിക്സ് പായിച്ച് വിൻഡീസിന് ടി-20 കിരീടം സമ്മാനിച്ച ഒരു അൺബിലീവബിൾ ഇന്നിംഗ്സിനു ശേഷം ബ്രാത്വെയ്റ്റിന്റെ വില്ലോ നിശബ്ദമായിരുന്നു. എന്നാൽ, തീയറ്റർ ഓഫ് ഡ്രീംസ് അഥവാ സ്വപ്നങ്ങളുടെ അരങ്ങിനരികെ ബ്രാത്ത്‌വെയ്റ്റ് അന്ന് മറ്റൊരു സ്വപ്നം വെട്ടിപ്പിടിക്കുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് അയാൾ വിൻഡീസിനെ മുന്നോട്ടുനയിച്ചു. കിവീസ് വിറച്ചു. ബൗളർമാർ മാറിമാറി വന്നു. എൻഡുകൾ മാറി. ഫീൽഡ് പ്ലേസ്‌മെൻ്റുകളും തന്ത്രങ്ങളും മാറി. പക്ഷേ, ബ്രാത്‌വെയ്റ്റ് ഉറച്ചുനിന്നു. 52 പന്തിൽ അയാൾ അരസെഞ്ചുറി തികച്ചു. എട്ടാം വിക്കറ്റിൽ കെമാർ റോച്ചുമൊത്ത് 47 റൺസിൻ്റെ വിലപ്പെട്ട കൂട്ടുകെട്ട്. 9ആം വിക്കറ്റിൽ ഷെൽഡൻ കോട്രലിനെ കൂട്ടുപിടിച്ച് 34 റൺസ്. അവസാന വിക്കറ്റ്. മറുവശത്ത് ഒഷേൻ തോമസ്. ബ്രാത്വെയ്റ്റ് തൻ്റെ സോണിലെത്തി. വിലങ്ങനെ ഗ്രൗണ്ട് അളന്ന് പന്തുകൾ പറന്നു. ഒഷേൻ തോമസിനെ സംരക്ഷിച്ചുനിർത്തി ബ്രാത്വെയ്റ്റിൻ്റെ അൺബിലീവബിൾ ഹിറ്റിംഗ്.

മാറ്റ് ഹെൻറി എറിഞ്ഞ 48ആം ഓവറിൽ മൂന്ന് സിക്സറും ഒരു ബൗണ്ടറിയും സഹിതം 25 റൺസാണ് അയാൾ അടിച്ചുകൂട്ടിയത്. രണ്ട് ഓവറിൽ വേണ്ടത് വെറും 8 റൺസ്. ജിമ്മി നീഷം എറിഞ്ഞ 49ആം ഓവറിലെ നാലാം പന്തിൽ ബ്രാത്വെയ്റ്റ് സെഞ്ചുറി തികച്ചു. 80 പന്തിൽ സെഞ്ചുറി. ഇയാൻ ബിഷപ്പിന് കമന്ററി ബോക്സിൽ ശബ്ദം നഷ്ടപ്പെട്ടിരുന്നു. ‘കാർലോസ് ബ്രാത്വെയ്റ്റ്, ഫസ്റ്റ് ഇന്റർനാഷണൽ ഹണ്ഡ്രഡ്. വാട്ട് എ ടൈം ടു കീപ് ദ ഡ്രീം അലൈവ്’. കമന്ററി ബോക്സിലിരുന്ന് ആർത്തലയ്ക്കുമ്പോൾ അയാൾ വിൻഡീസ് ക്രിക്കറ്റിന്റെ സമ്പന്നമായ ഭൂതകാലം ഓർത്തിരുന്നിരിക്കണം. ട്രിനിഡാഡിലും ജമൈക്കയിലുമൊക്കെ പാഞ്ഞു നടന്ന് ബ്രൂട്ട് പവറു കൊണ്ട് മത്സര ഗതി മാറ്റിമറിക്കുന്ന വിൻഡീസ് ക്രിക്കറ്റർമാരുടെ വന്യമായ സൗന്ദര്യത്തിന്റെ ചന്തം അയാൾ വീണ്ടും ഓർത്തെടുത്തിട്ടുണ്ടാവണം. ഓവറിലെ അവസാന പന്ത്. ജയിക്കാൻ വേണ്ടത് 6 റൺസ്. ഒരു വിക്കറ്റും ഒരു ഓവറും ബാക്കി. നീഷമിൻ്റെ ഷോർട്ട് ബോൾ ലോംഗ് ഓണിലേക്ക് ഉയർന്നു.

ആ പന്ത് വായുവിലുയർന്നു പൊങ്ങുമ്പോൾ രവി ശാസ്ത്രിയെയാണ് ഓർമ്മ വന്നത്. 2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ അവസാനത്തെ സിക്സ്. പന്ത് വായുവിലുയർന്ന് ഫീൽഡ് ക്ലിയർ ചെയ്യുമെന്നുറപ്പാകുന്നതു വരെ അയാൾ നിശബ്ദനായിരുന്നു. എന്നിട്ടാണ് ഒരിക്കലും മറക്കാത്ത, ‘ധോണീ, ഫിനിഷസ് തിംഗ്സ് ഓഫ് ഇൻ സ്റ്റൈൽ’ എന്ന കമന്ററി പറയാൻ ആരംഭിച്ചത്. അത് ക്യാച്ചാവുമോ എന്ന ഭയപ്പാട് അയാൾക്കുണ്ടായിരുന്നിരിക്കണം.

ബ്രാത്ത് വെയ്റ്റിൻ്റെ തുടർ സിക്സറുകളിൽ വിൻഡീസ് ടി-20 കിരീടമുയർത്തിയപ്പോൾ കമൻ്ററി ബോക്സിലുണ്ടായിരുന്ന ഇയാൻ ബിഷപ്പ് തന്നെയായിരുന്നു അന്നും ബോക്സിൽ. ബിഷപ്പും പന്തുയർന്നു പൊങ്ങിയപ്പോൾ നിശബ്ദനായിരുന്നു. ലോംഗ് ഓണിൽ ട്രെൻ്റ് ബോൾട്ട്. ദൈർഘ്യമേറിയ ബൗണ്ടറി. ബോൾട്ടിൻ്റെ അവിശ്വസനീയ ക്യാച്ച്. ബിഷപ്പ് ഒന്നോ രണ്ടോ സെക്കൻഡുകൾ കൂടി നിശബ്ദനായി. പിന്നീടാണ് തന്റെ ടീം, 5 റൺസകലെ വെച്ച് തോറ്റു പോകുന്ന പോരാട്ടത്തിന്റെ കഥ അയാൾ പറയാൻ തുടങ്ങിയത്. ‘ഡൗൺ ദ ഗ്രൗണ്ട്, ബട്ട്..’