National

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി; ആൺ ചീറ്റയ്ക്ക് പരുക്ക്

മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നി എന്ന ആൺ ചീറ്റയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ കെഎൻപിയിലെ ഫ്രീ ഏരിയയിൽ വച്ചാണ് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഗൗരവും ശൗര്യയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയും വായുവും പരസ്പരം ഏറ്റുമുട്ടിയതായി കെഎൻപി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ പറഞ്ഞു.

സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് ചീറ്റകളെ തുരത്തിയതെന്നും പ്രകാശ് കുമാർ കൂട്ടിച്ചേർത്തു. പോരാട്ടത്തിൽ അഗ്നി ചീറ്റയ്ക്ക് പരിക്കേറ്റിട്ടുണ്ട്, ആൺ ചീറ്റ ഇപ്പോൾ ചികിത്സയിലാണ്. ചീറ്റയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎഫ്ഒ അറിയിച്ചു. ചീറ്റകൾക്കിടയിൽ ഇത്തരം ഏറ്റുമുട്ടൽ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാർച്ച് മുതൽ പാർക്കിൽ ജനിച്ച നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണം ഉൾപ്പെടെ ആറ് ചീറ്റകൾ ചത്തിരുന്നു.