Football Sports

മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി

ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ കളത്തിലുണ്ടെങ്കിൽ ടാക്ലിങ്ങുകളുടെ സുന്ദര നിമിഷങ്ങൾ കൂടി അവിടെ ബാക്കിയാകുന്നു

ഫുട്ബോൾ മൈതാനങ്ങളിൽ ചാവേറുകളെ പോലെ ചിലരുണ്ട്, ചത്താലും വിടില്ലെന്ന് പറഞ്ഞ് എതിരാളികളെ തടഞ്ഞ് നിർത്തുന്നവർ. ആ ശ്രേണിയിലാണ് മഷറാനോയുടെ സ്ഥാനം. അനേകായിരം അർജന്‍റീനന്‍‌ ആരാധകരുടെ വീരപുരുഷനായിരുന്നു അയാൾ. ലോക കായിക പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ അനേകം നിമിഷങ്ങള്‍ നല്‍കി മഷറാനോ മൈതാനം വിടുകയാണ്.

ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ കളത്തിലുണ്ടെങ്കിൽ ടാക്ലിങ്ങുകളുടെ സുന്ദര നിമിഷങ്ങൾ കൂടി അവിടെ ബാക്കിയാകുന്നു. സുന്ദരമായ ഗോൾ നീക്കങ്ങൾ പലതും അതിനേക്കാൾ സുന്ദരമായ ഒരു ഡൈവിലൂടെ അവൻ ഇല്ലാതാക്കുന്നു. വലകുലുക്കാൻ എത്തുന്നവരെ വേദനിപ്പിക്കാതെ പന്ത് വേർപെടുത്താൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു മഷറാനോക്ക്. സ്ലൈഡിങ് ടാക്ലിങ്ങുകളില്‍ അത്ഭുതം തോന്നിക്കുന്ന കൃത്യത കാണാം മഷേയുടെ കളിയിൽ.

 മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി

മുന്നിൽ നിന്ന് നയിക്കാൻ മെസിയും പിന്നിൽ നിന്ന് നയിക്കാൻ മഷറാനോയും, കാലങ്ങളോളം അർജന്‍റീന ജേഴ്സിയിലും ബാഴ്സ ജേഴ്സിയിലും അത് അങ്ങനെയായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര കരിയറിൽ ആൽബിസെലസ്റ്റകൾക്കായി അത്രമേൽ അധ്വാനിച്ചൻ വേറെയില്ലെന്ന് പറയാം.

 മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി

പ്രതിരോധത്തിൽ വിശ്വാസ്യതയുടെ പ്രതിരൂപമായി മഷേ.. ക്ലബ്ബ് കരിയറിൽ 428 മത്സരങ്ങൾ, രാജ്യത്തിനായി 147 മത്സരങ്ങള്‍… എതിരാളികൾ അടിക്കാതെ പോയ ഗോളുകളുടെ കണക്കെടുത്താൽ ഈ അതുല്യ പ്രതിഭയെ അവിടെ അടയാളപ്പെടുത്താം. 2018 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഫുട്ബോള്‍ കളം വിടുന്ന മഷറാനോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഹതാരമായിരുന്ന ലിയോണല്‍ മെസി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് മഷറാനോക്ക് അഭിവാദ്യമര്‍പ്പിച്ചത്.

”മഷേയെപറ്റി എന്ത് പറയാനാണ്… ഒരുപാട് വര്‍ഷം കൂടെ കളിക്കുകയും പരസ്പരം എല്ലാം പങ്കുവെക്കുകയും ചെയ്തവന്‍. അര്‍ജന്‍റീനയുടെയും ബാഴ്സയുടെയും കളത്തില്‍ സന്തോഷം നിറഞ്ഞ അനേകം നിമിഷങ്ങള്‍ പരസ്പരം ആസ്വദിച്ചിട്ടുണ്ട്, തീര്‍ച്ചയായും പ്രയാസം നിറഞ്ഞ നിമിഷങ്ങളും കടന്നുപോയിട്ടുണ്ട്. താങ്കള്‍ പോയ അന്നു മുതല്‍ ഞങ്ങള്‍ താങ്കളെ മിസ് ചെയ്യുന്നുണ്ട്. താങ്കള്‍ക്കും കുടുംബത്തിനും നല്ലത് വരട്ടെ”, മെസി എഴുതി.

 മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി

എല്ലാം നല്‍കിയപ്പോഴും ചിലത് നഷ്ടപ്പെട്ട താരമായി ലോക ഫുട്ബോളില്‍‌ അദ്ദേഹം അടയാളപ്പെടുത്തപ്പെടും. ചോരവാര്‍ന്ന നിമിഷവും ആ പോരാട്ടവുമെല്ലാം വരും കാലത്തെ അര്‍ജന്‍റീനക്ക് ഊര്‍ജവും ഇന്ധനവുമാവും.