Football Sports

ഗ്രീസ്മാൻ ബാഴ്സ വിട്ടു; തിരികെ പോകുന്നത് അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെ

ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തൻ്റെ മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ ക്ലബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് മുൻപാണ് ഗ്രീസ്മാൻ അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്സയിലെത്തിയത്. (antoine griezmann barcelona atletico)

ട്രാൻസ്ഫർ ജാലകത്തിൻ്റെ അവസാന മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഡീൽ. രണ്ട് കൊല്ലം ടീമിൽ കളിച്ചിട്ടും കാര്യമായ പ്രകടന മികവ് പുറത്തെടുക്കാൻ കഴിയാതിരുന്ന ഗ്രീസ്മാൻ്റെ വേതനവും ബാഴ്സലോണയ്ക്ക് പ്രശ്നമായി. കൈമാറ്റ സമയവുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് താരം ക്ലബ് വിട്ട വിവരം ബാഴ്സ തന്നെ അറിയിച്ചു.

മെസി പോയതിനു പിന്നാലെ ബാഴ്സ താരക്കൈമാറ്റ വിപണിയിൽ സജീവമായി ഇടപെടുകയാണ്. പ്രതിഭാധനരായ യുവതാരങ്ങളെയൊക്കെ ബാഴ്സ വിറ്റഴിച്ചു. കഴിഞ്ഞ സീസണിൽ ക്ലബിലെത്തിയ എമേഴ്സൺ റോയൽ, യൂത്ത് ടീം മുതൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന ഇലായിഷ് മോറിബ, ജൂനിയർ ഫിർപോ, ജീൻ ക്ലയർ-ടോഡിബോ, ലാ മാസിയ പ്രൊഡക്ട് കാൽസ് അലേന എന്നിവരൊക്കെ ക്ലബ് വിട്ടു. യുവ ഫോർവേഡ് റെയ് മെനാജ്, വിങ്ങർ ഫ്രാൻസിസ്കോ ട്രിൻകാവോ തുടങ്ങിയവർ വായ്പാടിസ്ഥാനത്തിൽ ടീം വിട്ടു.

അതേസമയം, ചില മികച്ച താരങ്ങളെ ബാഴ്സ ടീമിൽ എത്തിച്ചിട്ടുമുണ്ട്. മെംഫിസ് ഡിപായ്, സെർജിയോ അഗ്യൂറോ, എറിക് ഗാർഷ്യ തുടങ്ങിയവർക്കൊപ്പം വായ്പാടിസ്ഥാനത്തിലും താരങ്ങൾ ടീമിലെത്തി. അതേസമയം, ട്രാൻസ്അർ വിപണിയിൽ ക്ലബ് ലക്ഷ്യബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഇത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആരാധകർ പ്രസിഡൻ്റ് യുവാൻ ലപോർട്ടക്കെതിരെ രംഗത്തെത്തി.

അതേസമയം, ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. താരം ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ തുടരും. പിഎസ്ജി വിടാൻ എംബാപ്പെയും വാങ്ങാൽ റയലും സജ്ജമായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ടുവച്ച ഭീമമായ ട്രാൻസ്‌ഫർ ഫീ റയൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റയൽ ശ്രമങ്ങൾ അവസാനിപ്പിച്ചത്.