Football Sports

ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ഫ്രാൻസിനെ തകർത്ത് മെക്സിക്കോ; സ്പെയിനെ സമനിലയിൽ കുരുക്കി ഈജിപ്ത്

ടോക്യോ ഒളിമ്പിക്സിലെ ഫുട്ബോൾ ആദ്യ റൗണ്ട് മത്സരങ്ങളിൽ കാലിടറി വമ്പന്മാർ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് മെക്സിക്കോ തകർത്തെറിഞ്ഞപ്പോൾ ഗ്രൂപ്പ് സിയിൽ സ്പെയിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസീലൻഡ് വിജയിച്ചു. ഗ്രൂപ്പ് ഡിയിലിൽ ഐവറി കോസ്റ്റ് ഒനിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ കീഴ്പ്പെടുത്തി. ( olympics football france spain )

ഗ്രൂപ്പ് എയിൽ ജപ്പാൻ-ദക്ഷിണാഫ്രിക്ക മത്സരവും ഗ്രൂപ് ബിയിൽ ഹോണ്ടുറാസ്-റൊമേനിയ മത്സരവും ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിത സമനിലയിലാണ്. ഗ്രൂപ്പ് സിയിൽ ഓസ്ട്രേളിയക്കെതിരെ അർജൻ്റീന ഏകപക്ഷീയമായ ഒരു ഗോളിനു പിന്നിൽ നിൽക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കരുത്തരായ ജർമ്മനിയും ബ്രസീലും ഗ്രൂപ്പ് ഡിയിൽ കൊമ്പുകോർക്കും.

അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. അർജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്.