Association Cultural Pravasi

വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നു.

അറുപന്തഞ്ചോളം ലോക രാജ്യങ്ങളിൽ പ്രാതിനിത്യമുള്ള വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നു. സെപ്റ്റംബർ നാലാം (Sep 4, Saturday) തിയതിയാണ് ഓൺലൈൻ പ്ലാറ്റുഫോമായ സൂം വഴി നിരവധി കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണാഘോഷം നടത്തുന്നത്.

വേൾഡ് മലയാളി കൗൺസിലിന്റെ ആറോളം റീജിയനുകൾ ഒത്തുചേർന്നാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും നാലാം തിയതി ആരംഭിച്ച് എല്ലാ WMC റീജിയനുകളിൽ കൂടിയും കടന്ന് 24 മണിക്കൂറിനു ശേഷം അമേരിക്കയിലെ വാഷിംഗ്‌ടൺ DC യിലാണ് ഓണാഘോഷം അവസാനിക്കുന്നത്. ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ റീജിയനുകളിലെ WMC അംഗങ്ങൾക്ക് പുറമെ മറ്റ് എല്ലാ മലയാളി അസ്സോസിയേഷനുകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലോക റെക്കോർഡിലേക്ക് കയറാൻ സാധ്യതയുള്ള ഈ ഓണാഘോഷം നടത്തപ്പെടുന്നത്.

24 മണിക്കൂർ എല്ലാ WMC റീജിയനുകളിലേക്കുമായി വിഭജിച്ചു നൽകിയാണ് ഓണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള ഗവൺമെന്റിന്റെ ടൂറിസം വകുപ്പിന്റേതുൾപ്പെടെ നിരവധി ലോക രാജ്യങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെയും ആശംസകളും സഹകരണവും WMC യുടെ ഈ ഉദ്യമത്തിന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.

വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളിലും എന്നും താങ്ങും തണലുമായിട്ടുള്ള നല്ലവരായ എല്ലാ അംഗങ്ങളുടെ ഭാഗത്തു നിന്നും ഈ ഓണാഘോഷത്തിന് വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും അഭ്യർത്ഥിക്കുന്നതായി WMC ഭാരവാഹികൾ അറിയിച്ചു.

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ സംഘടിപ്പിക്കുന്ന ഈ ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ യൂറോപ്പ് റീജിയനിൽ നിന്നും മിക്ക പ്രൊവിൻസുകൾ പങ്കെടുക്കുന്നതായും ,എല്ലാ സഹൃദയരായ ആസ്വാദകരെയും ഈ ഓണാഘോഷത്തിലേക്കു യൂറോപ്പ് റീജിയൻ പ്രസിഡന്റ് ANIT CHACKO സാദരം ക്ഷണിക്കുകയും ചെയ്യുന്നതായി അറിയിച്ചു ..

REPORT BY ANIT DUBLIN