Cultural Pravasi Switzerland

“വെട്ടുകാരൻ ചാക്കോ ” മലയാളീസ്.CH എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ സാൻ്റി പള്ളിക്കമാലിന്റെ നർമ്മത്തിൽ ചാലിച്ച ചിന്താശകലങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം

ഇത് ചുമ്മാ ഒരു കഥയാണ് . കഥാകൃത്തിന്റെ സംസ്കാരവും അഭിപ്രായങ്ങളുമാണ് ഇതെന്ന് ഒരിക്കലും കരുതരുത്. ചുറ്റുപാടും കാണുന്നതും കേൾക്കുന്നതുമായ പലതുമാണ് കഥകളായി രൂപാന്തരപ്പെടുന്നത്. ഇതിൽ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടായേക്കാം ….ക്ഷമിക്കുക.. സ്നേഹപൂർവ്വം സാൻ്റി പളളിക്കമാലിൽ.

ഭാഗം 1

മകരമാസകുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ .. മയങ്ങുവാനൊരു മോഹം മാത്രം …… !!……. പൂവച്ചൽ ഖാദർ എഴുതി ഗാനഗന്ധർവൻ യേശുദാസ് പാടി അനശ്വരമാക്കിയ വരികൾ….. കറവക്കാരൻ ഗോപാലൻ ചലച്ചിത്രഗാനം ഉച്ചത്തിൽ കേട്ടുകൊണ്ട് പശുവിനെ കറക്കുന്നു. താൻ ജോലിക്ക് വന്നു എന്ന് വീട്ടുകാരെ അറിയിക്കുക എന്നതും അതിയാന്റെ ഉദ്ദേശമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു! .. റേഡിയോ മാൻഗോ ആണ് ഓന്റെ വീക്നെസ്സ്.. ! റേഡിയോ മാൻഗോയിൽ നിന്നും വന്ന ആ ഗാനം പുലർകാല നിദ്രയിലായിരുന്ന ചാക്കോ ചെവിയിലൂടെയാണോ അതോ ഹൃദയത്തിലൂടെയാണോ കേട്ടത് എന്ന് പുള്ളിക്ക് ഇന്നുമറിയില്ല എന്നാൽ മെയ്‌മാസപ്പുലരിയിലാണ് പാട്ടുകേട്ട് സ്വപ്നത്തിൽ നിന്നും ഉണർന്നത് എന്നത് ഒരു വസ്തുതയാണ് . കറങ്ങാത്ത ഫാനിന്റെ ചുവട്ടിൽ കിടന്നതുകൊണ്ടാകാം ചാക്കോ നന്നായി വിയർത്തിരുന്നു. ഉറക്കം കെടുത്തിയതിനു ഗോപാലന്റെ നേരെ മെക്കിട്ടുകേറാനൊന്നും ചാക്കോ പോയില്ല… അയാൾ ഇട്ടിട്ടു പോയാൽ പിന്നെ താൻ തന്നെ സ്വന്തം പശുവിനെ കറക്കേണ്ടിവരും….!

അമേരിക്കയിലുള്ള മൂത്ത മോൻ ആൻറണിയുടെ കൊച്ചിന്റെ മാമോദിസയാണ്. ഫോട്ടോ ഫേസ്ബുക്കിലിടാമത്രേ ! എങ്ങനെയും ഒരു ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയെ പറ്റൂ. ഗോപാലന്റെ മകൻ ശ്രീകൃഷ്ണനെ തന്നെ സമീപിക്കാം .. “അവനാകുമ്പോൾ ഇതേക്കുറിച്ചൊക്കെ നല്ല പിടിപാടാണ്” എന്നാണ് സൈബർസെല്ലിലെ ജോസഫ് സാർ പറഞ്ഞത് . ശ്രീകൃഷ്ണന് നന്നായി പണി അറിയാവുന്നതുകൊണ്ട് രണ്ടു വാർണിങ് സൈബർസെല്ലിൽ നിന്നും കിട്ടിയിട്ടുണ്ട് ! പ്രൊഫൈലിൽ പേരും വീട്ടുപേരും കൊടുക്കേണ്ടിവരും ! “ചെങ്കല്ലേൽ “എന്ന തന്റെ വീട്ടുപേർ എങ്ങനെ വന്നു എന്ന് പിതാമഹന്മാർക്കുപോലും അറിയില്ല പക്ഷെ മൂത്ത മോൻ ആൻറണി ആ വീട്ടുപേര് ഫേമസ് ആക്കിയിട്ടാണ് പോയത് . പെണ്ണുകേസിൽ പെട്ട് പത്രത്തിൽ പേരൊക്കെ വന്നപ്പോഴേക്കും അവൻ അമേരിക്കയിലേക്ക് എസ്കേപ്പ് ആയിരുന്നു. പിന്നെ വഴക്കിനുവന്ന ഏതോ ഒരു പെണ്ണിന്റെ തന്തക്ക് ജോസഫ് സാർ വഴിയാണ് കാശുകൊടുത്തു കോംപ്രമൈസ് ആക്കിയത്.

വീട്ടുപേരിന് പകരം പ്രൊഫഷൻ കൊടുക്കാമെന്ന ഐഡിയ ശ്രീകൃഷ്ണന്റേതാണ് . അവനല്ലേലും ഭയങ്കര ബുദ്ധിയാണ് .. എങ്ങനെ ഇത്രയധികം എ പ്ലസുകൾ കിട്ടി പത്താംക്ലാസ് പാസ്സാകാൻ കഴിഞ്ഞു എന്നത് അവനിന്നും മനസ്സിലായിട്ടില്ല..! ചാക്കോ ഒരു വെട്ടുകാരനായിരുന്നു…ചെക്കൻ അമേരിക്കയിൽനിന്നു കുറച്ചു പൈസ അയക്കുന്നതുകൊണ്ടു ഇപ്പോൾ പണിക്കൊന്നും പോകുന്നില്ല ! അവനതൊക്കെ മോശമാണ് പോലും!.


” വെട്ടുകാരൻ ചാക്കോ ” എന്ന പേര് കൊടുത്താൽ നല്ല പഞ്ച് കിട്ടുമത്രെ ! ആയിക്കോട്ടെ … പോരാളി വാസു, അമിട്ട് വിജയൻ എന്ന പോലുള്ള ഒരു ഇടിവെട്ടുപേരുതന്നെയിരിക്കട്ടെ !. ഒരു പഞ്ച്.. ചാക്കോക്കും ഫീൽ ചെയ്തു . അങ്ങനെ സുക്കർബർഗിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി “വെട്ടുകാരൻ ചാക്കോ” എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉദയമെടുത്തു . ജനനത്തീയതി ഒരു പ്രശ്നമാണ്! തനിക്കറിയാവുന്നവരെല്ലാം ജനിച്ചത് മെയ് മാസത്തിലാണ് . മനഃപൂർവ്വമല്ല .. പണ്ടെങ്ങോ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ ഹമീദ് മാഷ് ജനനത്തീയതികൾ അഡ്ജസ്റ്റ് ചെയ്തതാണ് . ഒരു നമ്പറിൽ എന്തിരിക്കുന്നു! .. നമ്മടെ കർത്താവായ യേശുവിന്റെ ജനനത്തീയതി അങ്ങ് കൊടുത്തു .. 25 ഡിസംബർ ..പിന്നെ വർഷം! അത് ഉള്ളത് തന്നെ കിടന്നോട്ടെ 1960 !…. ഇനി കർത്താവു പിണങ്ങുമോ ആവൊ ? ജന്മദിനം മോഷ്ടിച്ചതിന് ! ഹേയ് അതിനു വഴിയില്ല കാരണം അദ്ദേഹത്തിനും ആരോ അഡ്ജസ്റ്റ് ചെയ്തു കൊടുത്തതാണല്ലൊ ഈ ജന്മദിനം … ഫൊറാനെ പള്ളിയിലെ കമത്തുപുരക്കലച്ചൻ പറഞ്ഞതനുസരിച്ചു ഏതോ ശൈത്യകാലത്താണ് യേശു ജനിച്ചത് എന്ന് മാത്രമേ അറിയൂ .. പിന്നെ സൂര്യദേവന്റെ ഉത്സവദിനമായ 25 ഡിസംബർ ..കോൺസ്റ്റൻ്റയിൻ (Constantine) രാജാവ് യേശുവിന്റെ ജന്മദിനമാക്കി എന്ന്പറയപ്പെടുന്നു. അത് കോൺസ്റ്റന്റൈൻ രാജാവിന്റെ തന്നെ ജന്മദിനമായിരുന്നു എന്ന് അവകാശപ്പെടുന്ന പ്സ്യൂഡോ ചരിത്രകാരന്മാരുമുണ്ട് .

ഭാഗം 2

ശ്രീകൃഷ്ണനാണ് “വെട്ടുകാരൻ ചാക്കോ ” എന്ന പ്രൊഫൈൽ പോപ്പുലർ ആക്കിയതിന്റെ എല്ലാ ക്രെഡിറ്റും ! അവന്റെ ലിസ്റ്റിലുള്ള എല്ലാവര്ക്കും അവൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അങ്ങനെയാണത്രെ അമേരിക്കയിലെ മോനും ഫാമിലിയും ഈ ഇടിവെട്ട് പ്രൊഫൈൽ കണ്ടത് . അവനതു ഇഷ്ടമായില്ല .. നാണക്കേടാണത്രെ ! അപ്പൻ പ്രൊഫൈൽ നെയിം മാറ്റണമെന്ന് അവൻ വാശിപിടിച്ചു !…ലോകം മാറുന്നതറിയാത്ത വിഡ്ഢി .. ശാസ്ത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റി സംസാരിക്കുന്ന കാലത്തു അവനു “വെട്ടുകാരൻ ” എന്ന പദം കുറച്ചിലുണ്ടാക്കിയത്രെ !! അപ്പൻ ഇമോഷണൽ ബ്ലാക്മെയിലിംഗിൽ വീഴുമെന്നാണ് മരുമോളും വിചാരിച്ചത്….. പോരാളി വാസുവിനൊക്കെ കിട്ടുന്ന ലൈക് എത്രയാണെന്ന് അവനു വല്ല ധാരണയുമുണ്ടോ ? ഏതായാലും “വെട്ടുകാരൻ ചാക്കോ”ക്ക് നൂറുകണക്കിന് ലൈക് കിട്ടി . ഇനി എന്ത് വന്നാലും പ്രൊഫൈൽ നെയിം മാറ്റുന്ന പ്രശ്നമില്ല… . ശ്രീകൃഷ്ണൻ ഈ പ്രൊഫൈലിൽ നിന്നും എന്തൊക്കെയോ പോസ്റ്റികൊണ്ടിരുന്നു .. ലൈവ് ആയി എപ്പോഴും ഇടിച്ചു നിൽക്കണമത്രെ!.. അല്ലേലും അവൻ ഒരു റെവല്യൂഷനിസ്റ് തന്നെയാണ് . ഏങ്ങോ കേട്ട് മറന്ന ഡയലോഗ് പോലെ “മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ സമൂഹത്തിന്റെ ഇംഗിതങ്ങൾക്കെതിരായി സ്വതന്ത്ര ചിന്തയോടെ സഞ്ചരിക്കുന്നതാണ് അവനിഷ്ടം”. ഭഗവാൻ ശ്രീകൃഷ്ണനാണ് അവന്റെ റോൾ മോഡൽ. പതിനാറായിരത്തിഒന്നു ഭാര്യമാരുമായി കഴിഞ്ഞ സ്ത്രീലമ്പടനായിരുന്നു ശ്രീകൃഷ്ണൻ എന്ന് പല കപട സദാചാരക്കാരും മതപണ്ഡിതന്മാരും അലമുറയിടുന്നത് കേട്ടിട്ടുണ്ട് എന്നാൽ സത്യം അതല്ലായിരുന്നു എന്ന് അവനാണ് ചാക്കോക്ക് ബോധ്യമാക്കിക്കൊടുത്ത്.

നരകാസുരൻ എന്ന അസുരരാജാവ് തട്ടിക്കൊണ്ടുപോയി ലൈംഗീക അടിമകളാക്കി വെച്ചിരുന്ന പാവപ്പെട്ട പതിനാറായിരത്തോളം യുവതികളെയാണ് ഭഗവാൻ കൃഷ്ണൻ യുദ്ധം ചെയ്തു മോചിപ്പിച്ചത് . അവരോടെല്ലാം സ്വന്തം വീടുകളിലേക്ക് പോകാനാണ് ഭഗവാൻ ആവശ്യപ്പെട്ടത് എന്നാൽ കപട സദാചാരവാദികളായ നാട്ടുകാരും സ്വന്തം വീട്ടുകാർ പോലും കളങ്കപ്പെട്ട അവരെ സ്വികരിക്കാൻ തയ്യാറായിരുന്നില്ല . ആരോരുമില്ലാത്ത.. ആൽമഹത്യ മാത്രം മുന്നിൽ കണ്ടിരുന്ന ആ സ്ത്രീകളെ വിവാഹം ചെയ്ത് സ്വന്തം രാജ്ഞിമാരാക്കി മാറ്റി , സമൂഹത്തിൽ അവർക്കു ഉന്നതസ്ഥാനം ഉറപ്പാക്കിയ ലോകം കണ്ട ഏറ്റവും വലിയ റെവല്യൂഷനിസ്റ് അല്ലെ ഭഗവാൻ കൃഷ്ണൻ ? ആ കഥാപാത്രത്തെ ഇനിയും മനസ്സിലാക്കാതെ കഥയറിയാതെ ആട്ടം കാണുന്നവരല്ലേ നമ്മുടെ ചുറ്റും കാണുന്ന സദാചാരവാദികൾ? ഇന്നത്തെ പരിഷ്കൃതലോകത്തിൽ ഇനിയും തീരാത്ത പകയുമായി അവർ ഇന്നും വിഹരിക്കുന്നു .

പ്രീഡിഗ്രിവരെയെ പഠിച്ചിട്ടുള്ളു എങ്കിലും അത്യാവശ്യം നമ്മുടെ സമൂഹത്തിന്റെ മാറ്റങ്ങൾ ഉൾകൊള്ളുന്നവനാണ് ചാക്കോ . പിള്ളച്ചേട്ടന്റെ ബീഡിത്തൊറുപ്പു കമ്പനിയിൽ എന്നും ചർച്ചകൾ നടക്കാറുണ്ട് . ചാക്കോ അവിടുത്തെ സ്ഥിരം സന്നർശകനായിരുന്നു . അവിടെ എല്ലാ പത്രങ്ങളും ലഭ്യമാണ്. ഒരാൾ വായിക്കും മറ്റുള്ളവർ കേട്ടിരുന്നുകൊണ്ടും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും അവരുടെ ജോലികൾ ചെയ്യും . കമ്മ്യൂണിസവും ഡെമോക്രസിയും ഫസിസവും സോഷ്യലിസവും സമകാലിക രാഷ്ട്രീയവുമെല്ലാം ചാക്കോക്ക് മനസ്സിലാക്കികൊടുത്തത് അവിടുത്തെ ചർച്ചകളാണ് . അവിടെനിന്നും കിട്ടുന്ന അറിവുകൾ ഒരിക്കലും അമേരിക്കയിലുള്ള മകന് കിട്ടിയില്ലല്ലോ എന്നോർക്കുമ്പോൾ ചാക്കോക്ക് വിഷമം തോന്നാറുണ്ട്. ഒരുപക്ഷെ അത് നമ്മുടെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ അപചയമാണോ എന്നുപോലും ചിന്തിക്കേടിയിരിക്കുന്നു!

ഭാഗം3

“വെട്ടുകാരൻ” എന്നത് ഇത്രയ്ക്കു പ്രശ്നമുള്ള ഒരു വാക്കണോ? “നീ ആരുടെ തലയാണെടാ വെട്ടിയത്? ചുണയുണ്ടെങ്കിൽ കണ്ണൂരിലേക്കു വാടാ നായിന്റെമോനെ….. ” കമെന്റ്സിൽ വന്ന ഒരു വെല്ലുവിളി കേട്ട് സത്യത്തിൽ ചാക്കോ ഒന്ന് നടുങ്ങി! അമ്പത്തൊന്ന് വെട്ടിന്റെയും ഇന്നോവ കാറിന്റെയും ഓർമകൾ ഒരു മിന്നായം പോലെ മനസ്സിലൂടെ കടന്നു പോയി . “വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കുന്നോടാ റാസ്കൽ ” എന്നാണ് തിരിച്ചെഴുതാൻ തോന്നിയത്.. പക്ഷെ എഴുതിയില്ല!… പണ്ട് “നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ ” എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു ഇടംകൈയ്യിൽ ചുവന്ന പതാകയും വലംകയ്യിൽ വെട്ടരിവാളുമായി ജന്മിത്തത്തിനെതിരെ പട നയിച്ചിട്ടുള്ള ധീരസഖാവിൻറെ മകനോടാണ് അവന്റെ മൂന്നാംകിട വെല്ലുവിളി…!.. പിന്നീട് വയലുകളൊന്നും എന്തെ ഇനിയും സ്വന്തമാകാത്തതു എന്ന ചോദ്യത്തിന്.. നീ പാർട്ടിക്ലാസ്സിനൊന്നും പോകാത്തതുകൊണ്ടാണ് നിനക്കൊന്നും മനസ്സിലാകാത്തത് എന്നാണ് സഖാവ് മുകുന്ദേട്ടൻ പറഞ്ഞത് . പ്രത്യയശാസ്ത്രപരമായി “കൃഷിഭൂമി കർഷകന്” എന്നാണത്രെ പാർട്ടി പറഞ്ഞത്… അല്ലാതെ “കൃഷിഭൂമി കർഷകതൊഴിലാളിക്ക് “എന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. കർഷകത്തൊഴിലാളിക്കു കൃഷിഭൂമി കിട്ടിയാൽ അവൻ ബൂർഷാ ആയിപോകുമെന്നതായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.

എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത്?. ഈ നാട്ടിലൊക്കെ റബ്ബർ വെട്ടുന്ന ആളുകൾക്ക് (Rubber tappers) “വെട്ടുകാരൻ” എന്നാണ് പറയുന്നത്. ഒരുപക്ഷേ അയാളുടെ നാട്ടിൽ ആളുകളെ വെട്ടിക്കൊല്ലുന്നവരെ ആയിരിക്കുമോ “വെട്ടുകാരൻ” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്?. എന്ത് സദാചാര ചിന്തകളായിരിക്കും അയാളെ ഇങ്ങനെ ഒരു വെല്ലുവിളിക്ക് പ്രേരിപ്പിച്ചത്? അയാൾക്കും പ്രാകൃത ചിന്തകൾ വിട്ട്, മാനവികതക്ക് വിലകല്പിക്കുന്ന ഒരു മനുഷ്യനായിക്കൂടെ? “ആയിരത്തൊന്ന് അറേബിയൻ രാവുകൾ ” എന്ന കൃതിയിൽ ഷഹര്യാർ എന്ന ഒരു ക്രൂരനായ ചക്രവർത്തിയുണ്ട്. ഓരോ പുലരികളിലും നിഷ്കളങ്കരായ കന്യകകളെ ഭോഗിച്ചതിനുശേഷം കൊന്ന് അതിൽ മൃഗീയമായി സന്തോഷിച്ചിരുന്ന ഷഹരിയാറിനെപ്പോലും തന്റെ കൊച്ചു കഥകൾകൊണ്ട്.. ഷെഹ്റസാഡേ എന്ന പെൺകുട്ടി ഒരു മനുഷ്യസ്നേഹിയാക്കി മാറ്റി. അങ്ങനെ ഒരു മാറ്റം എന്നെങ്കിലും തന്നെ വെല്ലുവിളിക്കുന്ന ഇയാൾക്കും ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആ ഫേസ്ബുക്ക് കമെന്റിനോട് പ്രതികരിക്കേണ്ട എന്ന് ചാക്കോ തീരുമാനിച്ചു.

ഭാഗം 4

എന്തുകൊണ്ട് നിങ്ങൾ പ്രതികരിച്ചില്ല?… നിങ്ങൾ മലയാളികൾക്ക് തന്നെ നാണക്കേടല്ലേ?!…. ആരാധകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ചാക്കോ ഒന്ന് പകച്ചു ! അല്ലേലും “കലപ്പയിൽ കൈവച്ചിട്ട് തിരിഞ്ഞു നോക്കുന്നവൻ സ്വർഗ്ഗരാജ്യത്തിന് അർഹനല്ല” എന്നാണല്ലോ ബൈബിളിൽ പറയുന്നത്!!… “ഓൻ മറ്റേപ്പാർട്ടിക്കാരനാണ്” എന്ന് പറഞ്ഞു പണ്ടേതോ മന്ത്രിമുഖ്യൻ തടിതപ്പിയതുപോലെ വേണമെങ്കിൽ ഒഴിഞ്ഞുമാറാമായിരുന്നു ! ധൈര്യം കൊടുത്തു ആളുകളെ കൊലയ്ക്ക് കൊടുക്കുന്നത് മലയാളിയുടെ ശൈലി ആണെന്ന് അറിയാഞ്ഞിട്ടുമല്ല !…. പക്ഷെ എന്ത് മറുപടി കൊടുക്കും ??.. അപ്പോഴാണ് മറ്റൊരു കമെന്റ് ചാക്കോയുടെ ശ്രദ്ധയിൽ പെട്ടത് …”അയാൾക്കെന്തായാലും ചുട്ട മറുപടി കൊടുക്കണം” …മറിയ… ഇതേതു മറിയ ?? മറിയ ആരെന്നറിയാൻ ഓളുടെ പ്രൊഫൈൽ ഒന്ന് കേറി പരതി നോക്കി. ഓ മൈ ഗോഡ്! … ഇത് പഴയ സോണാ മറിയ ജോർജ് ആണല്ലോ !!!!

ചാക്കോയുടെ മെഡുല്ല ഒബ്ലാംഗേറ്റയിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി .. ഹാർട്ട് ഫ്രീക്വെൻസി അല്പം കൂടിപ്പോയോ എന്നൊരു സംശയം ! ഇപ്പോഴും സോണാ മറിയ തന്നെ ഫോളോ ചെയ്യുന്നോ? ചാക്കോക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല!¨.. അല്ലേലും ശരിയായ സമയത്തു പലർക്കും ബുദ്ധി ഉദിക്കാറില്ലല്ലോ ! ആലുവ യുസി കോളേജിൽ ഫസ്റ്റ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സോണ മറിയയെ ആദ്യമായികാണുന്നത് . അവളെയൊന്നു ഇമ്പ്രസ് ചെയ്യുവാനായി അന്ന് ഡബിൾമുണ്ട് മാറ്റി ബെൽബോട്ടം പാന്റ്സ് വരെ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ അവൾ അന്നൊന്നും ചാക്കോയെ ഒന്ന് തിരിഞ്ഞുനോക്കിയതുപോലുമില്ല ….. അതുകൊണ്ടൊന്നും ചാക്കോയെ തോൽപിക്കാൻ അവൾക്കായില്ല.. !…അവൾക്ക് അല്പം സൗന്ദര്യം ഉണ്ടെങ്കിലും ഒരു ആക്ടറാക്ഷൻ തോന്നുന്നില്ല..! എന്നൊക്കെ കൂട്ടുകാരോട് ന്യായവും പറഞ്ഞു ചാക്കോ അന്ന് തടിതപ്പി… അല്ലേലും പണ്ടെങ്ങോ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞിട്ടുണ്ടല്ലോ “കിട്ടാത്ത മുന്തിരി പുളിക്കും” എന്ന്..!.

പക്ഷെ സോണാ മറിയ ജോർജിന്റെ മുന്നിൽ ചാക്കോക്കൊരിക്കലും തലകുനിക്കാനാകില്ല…..!.എങ്ങനെയും സോണയെ മുൻധാരയിലേക്കു കൊണ്ടുവരണം. അവളുടെ ഒരു കമന്റ് തന്നിൽ വരുത്തിയ സ്വാധീനം ഇലവൻ കെവി ലെയ്നിൽ തൊട്ടാൽ പോലും കിട്ടില്ലെന്ന് അവളറിയണം ..നല്ല സ്റ്റാൻഡേർഡ് ഉള്ള മറുപടിയെ കൊടുക്കാൻ പറ്റൂ .. പക്ഷെ അങ്ങനെ മാന്യമായി മറുപടികൊടുത്താൽ അവൻ മുഖവിലക്കെടുക്കുമോ ? പോത്തിന്റെ കാതിൽ വേദമോതിയിട്ടു എന്ത് പ്രയോജനം ? തറ മറുപടി കൊടുത്താൽ സോണാ മറിയ എന്ത് വിചാരിക്കും?… കുലങ്കുഷമായ ആലോചനകൾക്കു ശേഷം ചാക്കോ ഒരു മറുപടി കണ്ടെത്തി!…. ” വെട്ടറിയാവുന്നവനെ കാണണമെങ്കിൽ കൊച്ചിക്കുവാടാ റാസ്കൽ!….”

ചാക്കോയുടെ ഭാഗ്യത്തിന് കണ്ണൂരുകാരൻ പിന്നെ കമെന്റും എഴുതിയില്ല കൊച്ചിക്കു വന്നുമില്ല . സോണാ മറിയ അതിനു ലൈക്കും അടിച്ചില്ല . ഫേസ്ബുക്ക് പ്രൊഫൈൽ നീക്കിയില്ലെങ്കിൽ ഇനി പൈസ അയക്കില്ല എന്ന മകന്റെ വാശിക്ക് മുന്നിൽ ചാക്കോക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല. അങ്ങനെ സുക്കർബർഗിന് ഒരു ഫേസ്ബുക്ക് ഉപഭോക്താവിനെ നഷ്ടപ്പെട്ടു… ഇന്ന് ചാക്കോ മകനറിയാതെ ഒരു വാട്ട്സ് അപ്പ് പ്രൊഫൈൽ ഉണ്ടാക്കുന്ന തിരക്കിലാണ് . സോണാ മറിയക്കും വാട്ട്സ് അപ്പ് പ്രൊഫൈൽ ഉണ്ടാകാതിരിക്കില്ല !!!!…