National Pravasi

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍; മെയ് 22 വരെ വിദേശത്ത് നിന്ന് എത്തുന്നത് 149 വിമാനങ്ങള്‍

സൗദ്യ അറേബിയയിൽ നിന്നും യു.കെയിൽ നിന്നുമായി 11 സർവീസുകൾ ഉണ്ടാകും. മലേഷ്യയിലും ഒമാനിലുമായി എട്ടു വിമാനങ്ങളും സർവീസ് നടത്തും

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. മെയ് 22 വരെ 31 രാജ്യങ്ങളിൽ നിന്ന് 149 വിമാന സർവീസുകളാണ് ഉണ്ടാവുക. അമേരിക്കയിൽ നിന്ന് 13ഉം യുഎയിൽ നിന്ന് 11ഉം കാനഡയിൽ നിന്ന് 10 വിമാന സർവീസുമാണ് ക്രമീകരിച്ചിരിക്കുന്നത്. സൗദ്യ അറേബിയയിൽ നിന്നും യു.കെയിൽ നിന്നുമായി 11 സർവീസുകൾ ഉണ്ടാകും. മലേഷ്യയിലും ഒമാനിലുമായി എട്ടു വിമാനങ്ങളും സർവീസ് നടത്തും. കസാഖിസ്ഥാനിലും ഓസ്ട്രേലിയയിലുമുള്ളവർക്കായി 7 വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മെയ് 22 വരെയാണ് വന്ദേ ഭാരതിന്റെ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം തീരുമാനിച്ചിട്ടുള്ളത്.

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ഈ ആഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ മാത്രം 26 വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തുക. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കാണ് ആദ്യവിമാനം.

രണ്ടാംഘട്ടത്തിന്റെ ആദ്യദിവസം മൂന്ന് പ്രത്യേക വിമാനങ്ങളും യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കാണ്. ഉച്ചക്ക് ഒന്നിന് ദുബൈയിൽ നിന്ന് തിരിക്കുന്ന വിമാനം വൈകുന്നേരം 6:25 ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങും. അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് അടുത്ത വിമാനം. വൈകുന്നേരം അഞ്ചിന് അബൂദബിയിൽ പുറപ്പെടുന്ന വിമാനം രാത്രി 10:40 ന് തിരുവനന്തപുരത്ത് ഇറങ്ങും. വൈകുന്നേരം ആറിനാണ് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം പറന്നുയരുക. രാത്രി 11:30 ന് കരിപ്പൂരിൽ വിമാനമിറങ്ങും. നാളെ ദുബൈയിൽ നിന്ന് കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങിലേക്കും. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്.