Cultural Pravasi Switzerland

മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? സെമിത്തേരിയിലെ പൂക്കൾ -ടോം കുളങ്ങര

ജീവിതാവസാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുവാൻ മനുഷ്യർ ആരും തന്നെ അധികം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാവാം സെമിത്തേരി സന്ദർശനം പറ്റുമെങ്കിൽ ഏറിയ പങ്കും ഏറെക്കുറെ ഒഴിവാക്കുന്നത്. ഇത് ഖേദകരമാണ്, കാരണം ഇവയിൽ പലപ്പോഴും മൂല്യവത്തായ കലകളും ചരിത്രങ്ങളും അടങ്ങിയിട്ടുണ്ട്.

ക്രിസ്താനികൾക്ക് സെമിത്തേരി പ്രതീക്ഷയുടേയും പ്രത്യാശയുടേയും ഇടമാണ്. മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നീ മടങ്ങും എന്നും, മരണത്തിന് അപ്പുറത്ത് പുനരുത്ഥാനവും മറ്റൊരു ജീവിതവും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു.

യുറോപ്പിലെ ശവക്കോട്ടകൾ പൂക്കളും ചെടികളും തിരികളും കൊത്തുപണികളാലും വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നവയാണ്. സ്വിറ്റ്സർലാൻഡിലുള്ള അസ്കോണയിലെ സെമിത്തേരി കാണാൻ വളരെ മനോഹരമാണ്. മരിച്ച് കഴിഞ്ഞാൽ ഇത്തരം സെമിത്തേരികളിൽ അന്ത്യവിശ്രമം കൊള്ളാൻ ആരും ആഗ്രഹിച്ചു പോകും.

മനോഹരമായ ഈ സ്ഥലം തങ്ങളുടെ രണ്ടാമത്തെ വീടായി തിരഞ്ഞെടുത്ത നിരവധി പ്രശസ്ത വ്യക്തികൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. കൊറോണ കത്തിനിൽക്കുന്ന സമയത്ത് ഈ ലോകം വിട്ടുപോയ എന്റെ സുഹൃത്തിന്റെ സഹോദരനെ അന്നത്തെ സാഹചര്യത്തിൽ നേരിട്ട് ചെന്ന് അന്ത്യപ്രണാമം അർപ്പിക്കുവാൻ പരിമിതികൾ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ ഈ സെമിത്തേരി സന്ദർശനത്തിന്റെ മുഖ്യ കാരണം.

മഹാഭാരതത്തിൽ യമധർമ്മൻ സ്വന്തം മകനായ‌ യുധിഷ്ടിരനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമേതാണ് ? അതിന് ധർമ്മപുത്രർ പറയുന്ന ഉത്തരം. ചുറ്റുപാടും മരണം നടക്കുമ്പോൾ ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല എന്നു കരുതി ആഘോഷത്തോടെ ജീവിക്കുന്ന മനുഷ്യാരാണ് ഏറ്റവും വലിയ അത്ഭുതമായ് തോന്നുന്നത് എന്നാണ്.

മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? ജീവനെ പാതാളത്തിന്റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കു കഴിയും?

സങ്കീര്‍ത്തനങ്ങള്‍ 89:48 പറയുന്നു.

Valley of Peace എന്ന അറിയപ്പെടുന്ന ഇറാഖിലെ നജാഫ് സെമിത്തേരിയാണ് ലോകത്തിലെ ഏറ്റവും വലിയ ശവക്കോട്ട. അൻപത് ലക്ഷത്തിലധികം ആളുകളെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഹൈഗേറ്റ് സെമിത്തേരി ഭൂമിയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശ്മശാന ഭൂമികളിൽ ഒന്നാണ്. കാറൽ മാക്സ് അടക്കം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ലോകത്തെ സ്വാധീനിച്ച അനേകം മനുഷ്യരുടെ ശരീരങ്ങൾ മണ്ണിനോട് ചേർന്ന ഭൂമി, അവർക്കു മുകളിൽ തണൽ വിരിക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ, പല വർണങ്ങളിൽ പടർന്നുകിടക്കുന്ന ഉദ്യാനങ്ങൾ. പ്രശസ്തരും അജ്ഞാതരുമൊക്കെയായി 53,000 ശവക്കല്ലറകളിലായി 1,70,000 മനുഷ്യർ ഉറങ്ങുന്ന മണ്ണ്. 37 ഏക്കറുള്ള ഈ ശ്മശാനം 1839 ലാണ് നിർമ്മിച്ചത്.

ഉയരക്കൂടുതലിന്റെ കാര്യത്തിൽ ഗിന്നസ് റെക്കോഡുള്ള സെമിത്തേരിയാണ് ബ്രസീലിലെ സാന്റോസ് നഗരത്തിലെ മെമ്മോറിയൽ നെക്രോപോൾ എക്യൂമെനിക്ക. അവിടെയാണ് ഫുട്ബോൾ രാജാവായ പെലെ അന്ത്യവിശ്രമംകൊള്ളുന്നത്.

14 നിലകളിലായി ഏകദേശം 16,000 പേർക്ക് അന്ത്യവിശ്രമത്തിന് സൗകര്യമുള്ള കെട്ടിടമാണ് മെമ്മോറിയൽ സെമിത്തേരി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽപോലെയാണ് സെമിത്തേരിയുടെ ഉൾവശം ഒരുക്കിയിരിക്കുന്നത്. പിയാനോയിൽനിന്നും വയലിനിൽനിന്നും സംഗീതം സദാ ഒഴുകിക്കൊണ്ടിരിക്കും. ഇവിടെയെത്തുന്ന സന്ദർശകർക്കുവേണ്ടി ചാപ്പലും റസ്റ്റോറന്റും മാത്രമല്ല മിനിബാർ സൗകര്യങ്ങളുമുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും സംസ്കാരച്ചടങ്ങിനെത്തുന്നവർക്ക് താമസിക്കാൻ സ്യൂട്ട് റൂമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

സ്ഥല പരിമിതികൾ മൂലം പലയിടത്തും വൈദ്യുതി ശ്മശാനങ്ങൾ ആവിർ‌ഭവിച്ചതോടെ ഇത്തരത്തിൽ പുത്തൻ സെമിത്തേരികൾ ഇനി അധികം നിർമ്മിക്കുവാൻ സാധ്യത കുറവാണ്.

മരണത്തെ തോൽപിച്ച് ഒരുനാൾ ഉയിർത്ത് എഴുന്നേറ്റ് നിത്യതയിലേയ്ക്ക് പ്രവേശിക്കാനായി ശ്മശാനത്തിലെ ശയനതൊട്ടിയിൽ ശയിച്ചു കൊണ്ടിരിക്കുന്ന സകല ആത്മാക്കൾക്കും ആശംസകൾ അർപ്പിച്ച ശേഷം, മൃതിയുടെ ആ സ്മൃതിയിൽ നിന്ന് ഇനിയും ബാക്കി നിൽക്കുന്ന ഞങ്ങളുടെ ഭാവി സ്മൃതിയിലേക്ക് പിന്നോട്ട് മാത്രം മടങ്ങുന്ന കാലുകൊണ്ട് മുന്നോട്ട് നടന്നു.