Europe Pravasi

എഡ്വേർഡ് നസ്രത്തിന്റെ (മുക്കാടൻ) ജർമ്മൻ പുസ്തകം സ്വദേശത്തും വിദേശത്തും വൈറലാകുന്നു.

എഡ്വേർഡ് നസ്രത്തിന്റെ ജർമ്മൻ കഥാ സമാഹാരമായ Am Heiligen Abend ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും സ്വദേത്തും വാർത്തകളിൽ നിറയുന്നു. നത്താൾ രാത്രിയിൽ എന്ന 14 കഥകളടങ്ങുന്ന ഈ പുസ്തകം ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് വിദേശ മലയാളികളായ ജോസ് പുന്നാപറമ്പിലും അശോക് പുന്നാപറമ്പിലും ചേർന്നാണ്. എഡ്വേർഡ് നസ്രത്തിന്റെ ജർമ്മൻ പ്രവാസ ജീവിത കാലത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ കഥകൾക്കാധാരം.

ദ്രൗപതി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ജർമ്മനിയിലെ പ്രശസ്ത പ്രസിദ്ധീകരണമായ സ്യൂസ് ആ സീൻ എന്ന കൾച്ചറൽ മാഗസിൻ മുതൽ നിരവധി ഓൺലൈൻ പ്രിന്റ് മാധ്യമങ്ങൾ ഈ പുസ്തകത്തെ കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ദേശാഭിമാനി പത്രത്താളിൽ ആശയങ്ങളുടെ ഉന്തുവണ്ടിക്കാരൻ എന്ന പേരിൽ അനിൽ കുമാർ എ.വി. പ്രസിദ്ധീകരിച്ച കുറിപ്പ് സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ജർമ്മനിയിലെ കൊളോൺ കേരള സമാജത്തിന്റെ ഓണാഘോഷ വേദിയിൽ വച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോളി തടത്തിൽ സെബി യേശുദാസിന് നൽകി പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ എഴുത്തുകാരനൊപ്പം കേരള സമാജം പ്രസിഡന്റ് ജോസ് പുതുശ്ശേരിയും സമാജത്തിന്റെ കൾച്ചറൽ സെക്രട്ടറി ജോസ് കുമ്പിളുവേലിയും മറ്റും വേദിയിൽ സന്നിഹിതരായിരുന്നു.

ഈ പുസ്തകത്തിന്റെ പ്രചരണാർത്ഥം വിവിധ വേദികളിലെത്തിയ എഴുത്തുകാരന് ഹാർദ്ദമായ സ്വീകരണമാണ് ലഭ്യമായത്. 1974 മുതൽ 2017വരെ ജർമ്മനിയിൽ എഡ്വേർഡ് നസ്രത്തും ഭാര്യ ഫ്രഡീനയും താമസിച്ചിരുന്ന മെറ്റ് മാനിലെ ലൈബ്രറി അധികൃതർക്ക് തന്റെ പുസ്തകം കൈമാറിക്കൊണ്ട് അദ്ദേഹം അതിനെ കുറിച്ച് വിവരിക്കുന്ന രംഗം ഗൃഹാതുരത്വം ഉണർത്തുന്നതാണ്. ആ സന്ദർഭത്തിൽ എഴുത്തുകാരനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഫ്രെഡീനയും സുഹൃത്ത് ജോസഫും ജോസഫിന്റെ ഭാര്യ സാറാമ്മയും ഉണ്ടായിരുന്നു.

പ്രവാസിയായിരുന്ന കാലത്ത് തനിക്ക് തൊഴിൽ നൽകിയ മഹാനുഭാവന് പുസ്തകം നൽകുന്ന ദൃശ്യവും വന്ന വഴി മറക്കാത്ത എഴുത്തുകാരന്റെ നൻമയെ സൂചിപ്പിക്കുന്നു. Am Heiligen Abend എഡ്വേർഡ് നസ്രത്തിന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലായി കഴിഞ്ഞിരിക്കുന്നു.

റിപ്പോർട്ട് – V T Kureepuzha..