Association Cultural Pravasi Switzerland

സൂറിച്ചിൽ ജൂൺ 4 ,5 തീയതികളിൽ നടന്ന കേളി രാജ്യാന്തര യുവജനോത്സവത്തിന് ഉജ്ജ്വല പരിസമാപ്‌തി – ശിവാനി നമ്പ്യാർ കലാതിലകവും , അഞ്ജലി ശിവ കലാരത്‌നവും , രോഹൻ രതീഷിനു ഫാദർ ആബേൽ മെമ്മോറിയൽ ട്രോഫിയും

റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ

സൂറിക്ക് : സ്വിറ്റ്‌സർലണ്ടിന്റെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിന് തിരശീല വീണു. സ്വിസ് സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിൽ വച്ച് ജൂൺ 4 ,5 തീയതികളിൽ നടന്ന രാജ്യാന്തര യുവജനോത്സവത്തിന് ഉജ്ജ്വല പരിസമാപ്‌തി .കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയായിരുന്നു സൂറിച്ചിൽ സമാപിച്ചത്.

ഭാരതത്തിന്റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസ്സിയും സൂര്യ ഇന്ത്യയും പിന്തുണ നൽകുന്നു.വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സായത്തമാക്കിയ കലകൾ രണ്ടു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയാണ് കേളി കലാമേള.


ജൂൺ 4 ,5 തീയതികളിൽ നടന്ന കലാമത്സരങ്ങൾ മികച്ച നിലവാരം പുലർത്തി. മനോഹരമായ ക്ളോസിങ് സെറിമണി യും കേളി ഒരുക്കിയിരുന്നു. രണ്ടു വർഷക്കാലം മഹാമാരി മൂലം മുടങ്ങി കിടന്ന യുവജനോത്സവത്തിന് വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നോറോളം മത്സരാർത്ഥികൾ പങ്കെടുത്തു.എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാത്ഥികളെ ആദരിച്ചു.

കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന കലാതിലകം ഈ വർഷം കുമാരി ശിവാനി നമ്പ്യാർ കരസ്ഥമാക്കി.

നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി അഞ്ജലി ശിവ നന്ദകുമാർ കരസ്ഥമാക്കി.

നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി രോഹൻ രതീഷ് നേടി.

മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാലതാരത്തിന് നൽകുന്ന ബലപ്രതിഭ അവാർഡ് ഡാനിയേൽ കാച്ചപ്പിള്ളി തോമസ് കരസ്ഥമാക്കി.

മീഡിയ ഈവന്റുകൾക്ക് (ഫോട്ടോഗ്രാഫി,ഷോർട് ഫിലിം , പെയിന്റിംഗ് ) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.

ഫോട്ടോഗ്രാഫി : ബിന്ദ്യ രാജഗോപാൽ

ഓപ്പൺ പെയിന്റിംഗ് : ബിന്ദ്യ രാജഗോപാൽ

ഷോർട് ഫിലിം : ജസ്റ്റിൻ മാർട്ടിൻ

പബ്ലിക് വോട്ട് ചെയ്തു നൽകിയ ജനപ്രിയ അവാർഡുകൾ നേടിയത്

ഷോർട് ഫിലിം : ജസ്റ്റിൻ മാർട്ടിൻ

ഓപ്പൺ പെയിന്റിംഗ് : ബേബി കാക്കശ്ശേരി

ഫോട്ടോഗ്രാഫി : മോനിച്ചൻ കളപ്പുരക്കൽ

കേളി പ്രസിഡൻറ് ടോമി വിരുത്തിയേൽ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ ഇന്ത്യൻ എംബസ്സി സെക്രട്ടറി ബിജു ജോസഫ് ഐ.എഫ്. എസ് മുഖ്യാതിഥി ആയിരുന്നു.പ്രസിഡണ്ട് ടോമി വിരുത്തിയേൽ സ്വാഗതവും സെക്രട്ടറി ബിനു വാളിപ്ലാക്കൽ നന്ദിയും പറഞ്ഞു.

ക്ളോസിംഗ് സെറിമണിയിൽ അറിയപ്പെടുന്ന കൊറിയോഗ്രാഫർ ആയ ജോർജ് ജേക്കബ് അമ്പതിലേറെ കലാപ്രതിഭകളുമായി ഒരുക്കിയ മെഗാ ഷോ യും നതാലി രാജവാസാല (നാതി) ഒരുക്കിയ കലാവിരുന്നും മികവുറ്റതായിരുന്നു.

ഇന്ത്യക്ക് പുറത്തു വച്ച് നടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ യുവജനോത്സവം എന്നറിയപ്പെടുന്ന കേളി കലാമേളയിൽ നിന്നും നിരവധി താരങ്ങളാണ് ഓരോ വർഷവും പുറത്തു വരുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെ നിരവധി സേവന പദ്ധതികൾ കേരളത്തിൽ ചെയ്യുന്ന കേളി അവരുടെ പരിപാടികളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു