Association Cultural Pravasi Switzerland

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന വടംവലി മത്സരവും ,ചീട്ടുകളി മത്സരവും സെപ്തംബര് 24 നു സൂറിച്ചിൽ

വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടം.

അതെ, മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിസ്സിന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാൻ ഗ്രൂണിങ്ങനിലെ വിശാലമായ സിന്തറ്റിക് ട്രാക്കിൽ കളമൊരുങ്ങുന്നു.

സ്വിറ്റസർലണ്ടിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ബി ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 24 നു രാവിലെ 11.30 മുതൽ മത്സരങ്ങൾ ആരംഭിക്കും .. വടംവലിമാമാങ്കത്തിൽ സ്വിറ്റസർലണ്ടിലെ വിവിധഭാഗങ്ങളിൽ നിന്നായി പ്രമുഖരായ ടീമുകൾ പങ്കെടുക്കുന്നു.

ചീട്ടുകളി പ്രേമികൾക്കായി  56 – 28,റമ്മി എന്നീ ഇനങ്ങളിലായി ചീട്ടുകളി മത്സരവും സഘടിപ്പിച്ചിരിക്കുന്നു ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല.സ്വിസ്സിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ  മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നതു ആകർഷകമായ സമ്മാനങ്ങൾ ..

കാണികളെ മുൾമുനയിൽ നിർത്തുന്ന ആവേശമേറിയ തീപാറും പോരാട്ടങ്ങളുടെ ഈ കായികമാമാങ്കം നേരിൽകണ്ട് ആസ്വദിക്കുവാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. എത്തുന്ന എല്ലാവർക്കും പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. അതോടൊപ്പം മിതമായ നിരക്കിൽ സ്വാദേറിയ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് സ്റ്റാളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. പരിപാടികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി കോർഡിനേറ്റേഴ്‌സ് ആയ ജോസ് പെല്ലിശേരിയെയോ ,ജിമ്മി കൊരട്ടിക്കാട്ടുതറയിലിനെയോ ബന്ധപ്പെടുക ..

ആകർഷകമായ ഈ ഉത്സവ് മാമാങ്കത്തിൽ പങ്കെടുക്കുവാൻ സ്വിറ്റസർലണ്ടിലെ എല്ലാവരെയും ബി ഫ്രണ്ട്‌സ് എക്സികുട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും ,സെക്രെട്ടറി ബോബ് തടത്തിലും സ്വാഗതം ചെയ്യുന്നു ..

റിപ്പോർട്ട് –
പി ർ ഓ
ജിമ്മി കൊരട്ടിക്കാട്ടുതറയിൽ