Association Pravasi Switzerland

ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയുമായി സ്വിസ്സ് മലയാളീ നഴ്‌സുമാരുടെ കൂട്ടായ്മയായ AIMNA – SWISS നു പുതു നേതൃത്വം

സ്വിറ്റ്‌സർലണ്ടിലെ ആതുരസേവനരംഗത്തു നിസ്തുലമായ സേവനം അനുഷ്ഠിക്കുന്ന മലയാളിനഴ്‌സുമാർ ചേർന്ന് രൂപം കൊടുത്ത, AIMNA -SWISS നു നേതൃത്വമായി.

സൂറിച്ചിൽ കൂടിയ കമ്മിറ്റിയിൽ വെച്ച് ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയായും ജിൻസി ജിൻസൺ ട്രെഷറർ ആയും ,യൂത്ത് പ്രതിനിധിയായി ഇസബെൽ താമരശ്ശേരിയും ഒപ്പം മറ്റു ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടു.

ആഗോളമലയാളി നഴ്‌സിംഗ് സംഘടനയായ AIMNA യുടെ കൂടെ സഹകരിച്ചു പ്രവർത്തിക്കുവാനും സ്വിസ്സിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും തലമുറയ്ക്ക് പ്രചോദനമാകുവാനും കമ്മിറ്റിയിൽ നേതൃത്വം തീരുമാനമെടുത്തു.

നഴ്‌സിംഗ് സയൻസിൽ ഉന്നത പഠനം നടത്തുന്നവർക്ക് അന്താരാഷ്‌ട്രതലത്തിലുള്ള കൂട്ടായ്മയുടെ പ്രാധാന്യം നേതൃത്വം ഊന്നിപ്പറയുന്നു. അതോടൊപ്പം ഇവിടുത്തെ തൊഴിൽമേഖലയിലെ പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുവാനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി നിലകൊള്ളുവാനും സംഘടന ലക്ഷ്യമിടുന്നു.

ആരോഗ്യമേഖലയിൽ പഠനം നടത്തുന്നവർക്ക് അവരുടെ പഠനപ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും ഇതിലെ ഇപ്പോഴത്തെ പ്രഫഷനലുകളിൽ നിന്നും നിർദേശങ്ങൾ ലഭിക്കുവാനും സംഘടന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

മെയ് പന്ത്രണ്ടിനു ആഘോഷിക്കപ്പെടുന്ന അന്താരാഷ്ട്ര നഴ്‌സിംഗ് ദിനത്തോടനുബന്ധിച്ചു പഠന ക്‌ളാസ്സുകൾ സംഘടിപ്പിക്കുവാനും പെൻഷനോടടുക്കുന്നവർക്കു വേണ്ടി പ്രത്യേകം അവബോധന സെമിനാറുകൾ സംഘടിപ്പിക്കുവാനും ജോലിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ചർച്ചചെയ്തു പരസ്പരം സഹായിക്കുവാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ സംഘടനയുടെ ഭാഗമാകുവാനും അതുവഴി ഒരുമിച്ചു പ്രവർത്തിക്കുവാനും എല്ലാ മലയാളി നഴ്‌സുമാരെയും ആഹ്വാനം ചെയ്യുന്നതായി പുതുതായി സ്‌ഥാനം ഏറ്റ പ്രസിഡണ്ട് ശ്രീമതി ജിജി പ്രിൻസ് കാട്രൂകുടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർ ഭാരവാഹികളെ ബന്ധപ്പെടുവാൻ പ്രത്യേകം അറിയിക്കുന്നു.