Movies

ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ഉണ്ട’

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസറിന് യൂട്യൂബില്‍ വന്‍വരവേല്‍പ്പ്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. 18 മണിക്കൂറിനുള്ളില്‍ 8 ലക്ഷത്തിലേറെ പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടുകഴിഞ്ഞത്. മലയാളത്തിന്റെ മഹാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ സ്ഥിരം പൊലീസ് കഥകളില്‍ നിന്നും മാറി ഒരു വേറിട്ട പൊലീസ് ചിത്രമായിരിക്കും ഉണ്ടയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം വരുന്ന ഈദിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.