Movies

പി.എം മോദിയുടെ ആദ്യ വീഡിയോ ​ഗാനമെത്തി; പിറകെ വിമര്‍ശനങ്ങളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ച ‘പി.എം നരേന്ദ്രമോദി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഒമുംഗ് കുമാര്‍ ഒരുക്കി വിവേക് ഒബ്‌റോയ് മോദിയായി വേഷമിടുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്‌.

രണ്ട് മിനിറ്റ് ദെെര്‍ഘ്യമുള്ള ഗാനത്തില്‍ ഗുജറാത്ത് കലാപവും, കലാപ ബാധിതരെ ആശ്വസിപ്പിക്കുന്ന മോദിയെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. . എന്നാല്‍ കലാപ സമയത്തെ യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവെച്ച്, മോദിയെ വെള്ളപൂശുന്നതാണ് ചിത്രത്തിലെ ഗാന രംഗങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചിത്രത്തിന്‍റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഏപ്രില്‍ 24ന് ചിത്രം റിലീസിനെത്തും.