International

വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍

ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം.

ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായ തുംബഹന്‍ഗെയാണ് ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചത്. നേപ്പാളിലെ ഗോത്ര വിഭാഗമായ മദേശികളുടെ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്.

നേപ്പാള്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ പെടുന്ന ഭൂപടം മാറ്റുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഏതാണ്ട് 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂപടം മെയ് 20നാണ് നേപ്പാള്‍ പുറത്തിറക്കിയത്.

നേപ്പാള്‍ മെയ് 20ന് പുറത്തിറക്കിയ ഭൂപടം

പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയുള്ളതിനാല്‍ ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ പ്രതീക്ഷ. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നയതന്ത്ര സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. പ്രദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള നേപാളിന്റെ നടപടികള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.