Kerala Weather

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമാകും

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെത്തും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് സംസ്ഥാനതെത്തുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ജില്ലകളിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കടലാക്രമണ മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നെയ്യാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ 8 മണിക്കു ശേഷം തുറക്കും. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.