International

കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വേട്ട: നൂറിലേറെ വ്യജന്‍മാരെ പിടികൂടി

ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.

കുവൈത്തിൽ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുടെ സാധുതാപരിശോധനയിൽ 160 വ്യാജസർട്ടിഫിക്കറ്റ് കേസുകൾ കണ്ടെത്തി. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയിൽ ഓൺലൈൻ വഴി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലാണ് അംഗീകാരമില്ലാത്തവ കണ്ടെത്തിയത്.

വ്യാജ സർട്ടിഫിക്കറ്റ് വിഷയം കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയവുമായി യോജിച്ച പ്രവർത്തനമാണ് എൻജിനിയേഴ്സ് സൊസൈറ്റി നടത്തുന്നതെന്നു ചെയർപേഴ്സൺ എൻജിനീയർ ഫൈസൽ അൽ അതുൽ പറഞ്ഞു. കനത്ത ജാഗ്രത പുലർത്തിയ ശേഷവും വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കും.

വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനായുള്ള പരിശോധന പുരോഗമിക്കുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നതെന്നും കെ ഇ എസ് ചെയർപേഴ്‌സൺ പറഞ്ഞു .. ഓൺലൈനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽനിന്ന് വ്യാജനെ കണ്ടെത്തിയ കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയെ വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് അൽ നാസർ അസ്സബാഹ് അഭിനന്ദിച്ചു.