Gulf International

ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560; ആശങ്കയിൽ രാജ്യങ്ങൾ

ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560 ആയി. വിവിധ ഗൾഫ് രാജ്യങ്ങളിൽ 4537 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം മുൻനിർത്തി പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ.

സൗദിയിൽ 9 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 255 ൽ എത്തി. സൗദിയിൽ രോഗികളുടെ എണ്ണമാകട്ടെ, നാൽപതിനായിരം കടന്നു. നിത്യവും ഏതാണ്ട് രണ്ടായിരം എന്ന കണക്കിലാണ് സൗദിയിൽ പുതിയ രോഗികളുടെ എണ്ണം.

കുവൈത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 7 പേർ കൂടിയാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇവിടെ മരണസംഖ്യ 65 ആയി. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടും. കോഴിക്കോട് പെരുമണ്ണ പുളിക്കൽ താഴം സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ ആണ് കുവൈത്തിലെ ജാബിർ ആശുപത്രിയിൽ മരിച്ചത്. 43 വയസുണ്ട്.

യു.എ.ഇയിൽ മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയ ദിവസമാണ് പിന്നിട്ടത്. മൂന്ന് മരണവും 480 പുതിയ കേസുകളും മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഞായറാഴ്ച 13 മരണവും എണ്ണൂറോളം രോഗികളുമായിരുന്നു യു.എ.ഇയുടെ കണക്കിൽ.

ഖത്തറിൽ രോഗികളുടെ വ്യാപനത്തിൽ കുറവൊന്നും ഇല്ല. 1103 പേർക്കാണ് ഇന്നലെ രോഗം ഉറപ്പിച്ചത്. രോഗികളുടെ എണ്ണത്തിൽ സൗദി കഴിഞ്ഞാൽ ഖത്തറാണ് രണ്ടാമത്. ഒമാനിലും ബഹ്റൈനിലും സ്ഥിതി കൂടുതൽ നിയന്ത്രണവിധേയമാണ്.

അതേസമയം കോവിഡ് രോഗം പൂർണമായി സുഖപ്പെട്ടവരുടെ എണ്ണം 28,000 ആയി ഉയർന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രോഗവ്യാപനം തുടരുന്ന സാഹചര്യമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണം വിപുലീകരിക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണ്.