International

നാല് മിനിറ്റില്‍ പി.സി.ആര്‍ പരിശോധനാഫലം; കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

പി.സി.ആർ ടെസ്റ്റുകൾ നടത്തി ഫലം വരാൻ മണിക്കൂറുകളോ, ചിലപ്പോൾ ദിവങ്ങളോ കാത്തിരുന്ന അനുഭവങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. എന്നാൽ പരിശോധന നടത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫലം ലഭിച്ചാലോ? ചെനയിലെ ഷാങ്ഹായിലെ ഫുഡാൻ യൂണിവേഴ്‌സിറ്റിയിലെ ഒരു പറ്റം ഗവേഷകരാണ് മിനിറ്റുകൾക്കുള്ളിൽ പി.സി.ആർ പരിശോധനാഫലം ലഭ്യമാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

തങ്ങൾ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോ മെക്കാനിക്കൽ ബയോസെൻസർ ഉപയോഗിച്ച് നാല് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാനാവുമെന്നാണ് ഇവരുടെ അവകാശ വാദം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഷാങ്ഹായിലെ 33 പേരിൽ പരിശോധന നടത്തിയെന്നും നിമിഷങ്ങൾക്കുള്ളിൽ പരിശോധനാഫലം നൽകാനായെന്നും ഗവേഷകർ പറയുന്നു.

കോവിഡ് രോഗ ലക്ഷണമുളളവരിലും ഇല്ലാത്തവരിലും നടത്തിയ പരിശോധനകളിൽ കൃത്യമായ ഫലങ്ങളാണ് ലഭിച്ചത്. ഈ കണ്ടെത്തൽ പി.സി.ആർ പരിശോധനാ ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

എയർപോർട്ടിലോ വീട്ടിലോ എവിടെ വച്ചുമാകട്ടെ പരിശോധന വേഗത്തിൽ നടത്തി ഫലം നൽകാനാവുമെന്നും വിദേശയാത്രക്കാർക്കടക്കം ഇത് വലിയ രീതിയില്‍ ഉപകരിക്കുമെന്നും ഗവേഷകർ പറയുന്നു. കോവിഡ് രോഗികൾ കൂടുന്നതും പരിശോധനകൾ അധികരിക്കുന്നതും ഫലം വൈകാനിടയാക്കുന്നുണ്ട് എന്ന തിരച്ചറിവിൽ നിന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പ്രേരകമായത് എന്ന് ഡോക്ടർമാർ പറയുന്നു.