International

ഈ വർഷം കൊല്ലപ്പെട്ടത് 59 മാധ്യമപ്രവർത്തകരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്

വസ്തുതാപരമായ വാർത്തകൾ നൽകിയതിന് പോയവർഷം ലോകത്ത് 59 മാധ്യമപ്രവർത്തകർക്കെങ്കിലും കുറഞ്ഞത് ജീവൻ നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. ഇതിൽ നാല് പേർ വനിത മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ ഒരു ദശവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാല് ദിവസത്തിൽ ഒരു മാധ്യമ പ്രവർത്തകൻ വീതം കൊല്ലപ്പെട്ടതായിട്ടാണ് യു.എന്നിന്റെ എജുക്കേഷ്നൽ കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസഷൻ (യുനെസ്കോ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കുന്നത് സത്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആദ്രെ അസൗലെ പറഞ്ഞു. കോവിഡ് മഹാമാരി ലോകത്താകമാനമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ബാധിച്ചു എന്നും അസൗലെ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 22 ഓളം മാധ്യമപ്രവർത്തകർ ലാറ്റിൻ അമേരിക്ക, ഏഷ്യ, പസിഫിക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അറേബ്യൻ രാജ്യങ്ങളിൽ ഒമ്പത് മാധ്യമപ്രവർത്തകർക്കും ആഫ്രിക്കയിൽ ആറ് പേർക്കും ജീവൻ നഷ്ടമായി.

“മാധ്യമപ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ” എന്ന പേരിൽ യുനെസ്കോ തുടക്കം കുറിച്ച ക്യാമ്പയ്‌നിന്റെ ഭാഗമായാണ് ഐകരാഷ്ട്ര സഭ റിപ്പോർട്ട് പുറത്തുവിട്ടത്. പ്രക്ഷോഭ മേഖലകളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ ബ്ലാക്ക് ലൈവ്സ് മാറ്റർ പോലുള്ള സംഭവങ്ങളിലൂടെ ഈ വർഷം നമുക്ക് മനസ്സിലാക്കി തന്നുവെന്ന് യു.എൻ വ്യക്തമാക്കി. വനിതാ മാധ്യമ പ്രവർത്തകരുടെ സംരക്ഷണം പ്രത്യേകം പരിഗണിക്കുമെന്നും യുനെസ്കോ പറഞ്ഞു. തൊഴിൽപരമായും ലിംഗ വിവേചനത്തിന്റെ ഭാഗമായും നിരവധി ആക്രമണങ്ങളാണ് വനിതാ മാധ്യമപ്രവർത്തകർ ഇന്റർനെറ്റ് പ്ലാറ്റഫോമുകളിൽ അടക്കം നേരിടുന്നതെന്നും യുനെസ്കോ കൂട്ടിച്ചേർത്തു.