Kerala

“ഒരു വിഭാഗത്തിന്റെ വക്താവാകുന്നു” മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. സഭയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിർഭാഗ്യകരമാണെന്ന് സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മലപ്പുറത്തെ കേരള പര്യടന പരിപാടിയിൽ മുഖ്യമന്ത്രിയുടെ പരാമർശം വേദനയുണ്ടാക്കിയെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു.

ചർച്ചയ്ക്ക് തയ്യാറായി എന്ന വസ്തുതയ്ക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ചത് നിർഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ വക്താവാകുന്നത് ഖേദകരമാണ്. മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്. സഭാ തർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർ‌ത്തു.

ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ശ്രമിച്ചപ്പോഴൊക്കെ ഓർത്തഡോക്സ് സഭ അതിനോട് നിസ്സഹകരിക്കുകയായിരുന്നു എന്ന നിലയിലാണ് പരാമർശങ്ങളുണ്ടായത്. പ്രശ്നപരിഹാരത്തിനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചപ്പോൾ സഭാ പ്രതിനിധികൾ വരാൻ തയാറായില്ല. തിരുവസ്ത്രമിട്ടവർ അതിനു നിരക്കാത്ത രീതിയിൽ മൃതദേഹങ്ങളോട് പെരുമാറിയത് അംഗീകരിക്കാൻ പറ്റാത്തതു കൊണ്ടാണ് സംസ്കാരവുമായി ബന്ധപ്പെട്ട ഓർഡിനൻസ് കൊണ്ടുവന്നത്. ഓർത്തഡോക്സ് വിഭാഗത്തിന് 3 കുടുംബങ്ങൾ മാത്രം ഉള്ള പള്ളിയടക്കം വിട്ടുകിട്ടണമെന്നത് സർക്കാരിന് പരിഗണിക്കാനാവില്ല.