India National

ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; അന്വേഷണത്തിന് ഒരുങ്ങി സർക്കാർ

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർ‌ത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയണ് തുരങ്കത്തിൽ അപകടം സംഭവിച്ചത്.

കുടുങ്ങിയ തൊഴിലാളികളെ മെറ്റൽ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോ​ഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റൽ പൈപ്പുകൾ എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.

നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. സിൽക്യാരയെ ദണ്ഡ ൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാർധാം പദ്ധതിയുടെ ഭാഗമായ തുരങ്കം യാഥാർത്ഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രയിലേക്കുള്ള ദൂരം 26 കിലോമീറ്റർ കുറയും.