India National

ഖർഗെയ്ക്ക് പിസിസികളുടെ സ്വീകരണം, തരൂരിന് പ്രവർത്തകരുടെ സ്വീകരണം; പ്രചാരണം മുറുകുന്നു

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും, മല്ലികാർജുൻ ഖർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. പിസിസികളുടെ നേതൃത്വത്തിൽ ഖർഗെയ്ക്ക് സംസ്ഥാനങ്ങളിൽ സ്വീകരണം ലഭിക്കുമ്പോൾ നേർ വിപരീതമാണ് തരൂരിന്റെ പ്രചാരണം ചിത്രം. (shashi tharoor mallikarjun kharge)

ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞെങ്കിലും, പിസിസികളിൽ നിന്ന് ഖർഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഖർഗെയുടെ സ്വീകരണത്തിലുണ്ട്.

ഇന്ന് ഉത്തർപ്രദേശിൽ എത്തുന്ന ശശി തരൂർ, ലക്നൗ പിസിസി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് താല്പര്യപ്പെടുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം ആവർത്തിക്കപ്പെടാനാണ് സാധ്യത. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവ‍ർത്തകരിൽ നിന്ന് ശശി തരൂരിന് ആവേശത്തോടെയുള്ള സ്വീകരണം ലഭിക്കുന്നുണ്ട്. കൊൽക്കത്തക്ക് ശേഷം അസമിൽ എത്തുന്ന ഖർഗെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിന് എത്തുന്ന ഖർഗെയക്ക് പിസിസികളുടെ നേതൃത്വത്തിൽ സ്വീകരണവും നൽകും.

വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിരുന്നു. പിസിസികൾക്ക് കൈമാറിയ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന ഇരു സ്ഥാനാർത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

9,000 ലധികമുള്ള വോട്ടർമാരിൽ 3,200 ഓളം വോട്ടർമാരുടെ പൂർണ്ണ വിവരങ്ങൾ ഇല്ലെന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടർമാർ പരിചിതമാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതായിരുന്നു തരൂർ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്റെ ആരോപണങ്ങളിൽ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടർമാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പിസിസികൾക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാർത്ഥികൾക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.