India Kerala

മരട് ഫ്ലാറ്റ് കേസ്: മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി

മരട് ഫ്ലാറ്റ് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.എ ദേവസിയെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്‍കി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ കെ.എ ദേവസി അനുമതി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

മരടിലെ ഫ്ലാറ്റ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, കേസില്‍ ദേവസിയെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടികൊണ്ട് കഴിഞ്ഞ മാസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമം, പൊലീസ് ആക്ട് എന്നിവ പ്രകാരം കെ.എ ദേവസിക്ക് എതിരെ കുറ്റങ്ങൾ ചുമത്തി അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്വേഷണത്തിന് അനുമതി നല്‍കികൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് നിയമവിരുദ്ധമായി അനുമതി നല്‍കിയതില്‍ ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍‌. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് കെട്ടിട നിര്‍മ്മാതാക്കള്‍ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

2006 ല്‍ അന്ന് പ്രസിഡന്റായിരുന്നു ദേവസിയുടെ ഭരണസമിതിയാണ് അനുമതി നല്‍കിയതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഐകകണ്ഠ്യേനയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന മിനിട്സ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് 2006 ലെ ഭരണസമിതിയിലെ തന്നെ ചിലര്‍ മൊഴി നല്‍കിയതും ദേവസിക്ക് തിരിച്ചടിയായി. അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകനെ പ്രതിയാക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി വേണം എന്നതിനാലാണ് സര്‍ക്കാരിനോട് ക്രൈംബ്രാഞ്ച് അനുമതി തേടിയത്.