India Social Media

ട്വിറ്ററുമായി ചര്‍ച്ചക്കില്ല; സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു

സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില് ട്വിറ്ററുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. ചട്ടംലംഘിച്ച 500 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്തെന്നും സർക്കാർ ആവശ്യം നിയമപരമല്ലെന്നും ട്വിറ്റർ പ്രതികരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മ്യൂസിക് വീഡിയോകൾ യുടൂബ് നീക്കം ചെയ്തു.

പ്രധാനമന്ത്രി കർഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത്. ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. അക്കൌണ്ടുകള്‍ക്ക് പാകിസ്ഥാന്‍, ഖാലിസ്ഥാന് ബന്ധമുള്ളവയാണെന്നും ആരോപിക്കുന്നു.

ആവശ്യം ലംഘിച്ചാല് 7 വർഷം വരെ തടവ് ലഭിക്കുന്ന നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് സർക്കാർ ട്വിറ്ററിനെ അറിയിച്ചിട്ടുള്ളത്. ചട്ടലംഘനം കണ്ടെത്തിയ 500 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് ട്വിറ്റർ മറുപടി. കർഷക സമരത്തിന്റെ പേരില് അക്കൌണ്ടുകള് പൂർണമായി മരവിപ്പിക്കാനാകില്ല. കേന്ദ്ര സർക്കാർ ആവശ്യം പൂർണമായും നിയമപരമല്ലെന്നും ട്വിറ്റർ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഐടി മന്ത്രി രവിശങ്കർ പ്രസാദുമായി ട്വിറ്റർ കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.

ഐ.ടി സെക്രട്ടറിയുമായി ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് കോളിൻ ക്രോവെല് വീഡിയോ കോൺഫറൻസിന് ശ്രമിക്കുന്നുണ്ട്. ട്വിറ്ററിന്റെ ആവശ്യത്തിന് ഉടൻ മറുപടി നൽകുമെന്നും ട്വിറ്റർ കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇതിനിടെ സർക്കാർ നിർദേശപ്രകാരം കർഷക സമരവുമായി ബന്ധപ്പെട്ട പഞ്ചാബി ഗായകൻ കൻവാർ ഗ്രവാളിന്റെ ഐലാൻ ഗാനം യൂടൂബ് നീക്കം ചെയ്തു.