India National

‘പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണം, ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല’; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗൺസിലർ കുൽദീപ് കുമാർ (പരാജയപ്പെട്ട മേയർ സ്ഥാനാർത്ഥി) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. കോടതിയെ പോലും ഞെട്ടിക്കുന്ന നടപടിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത്. ഇങ്ങനെയാണോ തെരഞ്ഞെടുപ്പ് നടത്തുന്നത്? ഇയാളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കുമാറിൻ്റെ ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ച കോടതി, ഫെബ്രുവരി 7 ന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ്റെ തുടർന്നുള്ള യോഗം മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചു. ബാലറ്റ് പേപ്പറുകളും വീഡിയോഗ്രാഫിയും മറ്റ് സാമഗ്രികളും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഴുവൻ രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുഖേന സംരക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ജനുവരി 30-നാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ നാല് വോട്ടിന് വിജയിച്ചിരുന്നു.