India Kerala

ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ തീരുമാനം

സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാർഥികൾ തന്നെ അധ്യാപകർക്കെതിരെ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് പുനർവിന്യസിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. തീരുമാനം ഈ ആഴ്ച തന്നെ നടപ്പിലാക്കാനാണ് ആലോചന.

തങ്ങളുടെ സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളായത് അധ്യാപകരാണെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ ഈ അധ്യാപകർക്ക് കീഴിൽ കുട്ടികളുടെ പഠനം അനുചിതമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പത്താം ക്ലാസ് വരെയുള്ള അധ്യാപകരെ ജില്ലയിലെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചത്. ഹയർ സെക്കണ്ടറി തലത്തിൽ പുനർവിന്യാസം ഇപ്പോൾ വേണ്ടതില്ലെന്നാണ് തീരുമാനം. ആവശ്യമെങ്കിൽ ഈ മേഖലയിൽ പിന്നീട് തീരുമാമെടുക്കാമെന്നാണ് ധാരണ.

അധ്യാപകരെ കുറിച്ച് വിദ്യാർഥികളുടെ പരാതി ഗൗരവത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടുള്ളത്. വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് പുറമേ അധ്യാപകർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വേഗത്തിൽ നടപടി ക്രമങ്ങളിലേക്ക് കടക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം . സർക്കാർ പ്രഖ്യാപിച്ച സഹായധനം ഉപയോഗിച്ച് സ്കൂൾ നവീകരണം ഉടൻ പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.