India National

മാനം തൊട്ട് ഉള്ളി വില

ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. ഉള്ളിവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വില നിയന്ത്രിക്കാനായി ഉള്ളിയുടെ കയറ്റുമതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടായ 2015-16 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അതും 1987 ടണ്‍. അതിലേറെയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശിച്ചിരക്കുന്നത്.

വലിയ കൃഷിനാശവും സംഭവച്ചിതിനാല്‍ ഉള്ളി വില ഇനിയും കൂടുമെന്ന റിപ്പോര്‍ട്ടുകളിലാണ് സര്‍ക്കാരിന്‍റെ ആശങ്ക. മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള ഉള്ളി പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രളയമാണ് കൃഷി തകര്‍ത്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വിളവെടുപ്പ് വരെയെങ്കിലും ഈ വില തുടരുമെന്നാണ് കണക്ക് കൂട്ടല്‍. വില പിടിച്ച് നിര്‍ത്താനായി ഉള്ളിയുടെ കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.