India Kerala

കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്

കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്. ഇതു സംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.എൻ വാസവനും എൻ.ഡി.എ സ്ഥാനാർഥിയായ പി.സി തോമസും പ്രചാരണത്തിന് പണം വൻതോതിൽ ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ അടക്കമുള്ളവരുടെ ആരോപണം.

പോസ്റ്ററുകളും ചുവരെഴുത്തും പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും വൻതുക മുടക്കി ഹ്രസ്വചിത്രമടക്കം പുറത്തിറക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. പണം ചെലവഴിക്കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം അമിതമായി പണം ചെലവഴിക്കുന്നില്ലെന്നും ചെലവഴിക്കുന്ന പണത്തിന് കൃത്യമായ കണക്കുകളുണ്ടെന്നും എൽ.ഡി.എഫ് അറിയിച്ചു. അമിതമായി പണം ചെലവഴിക്കുന്നില്ലെന്നാണ് എൻ.ഡി.എയും പറയുന്നത്.