India National

കോവിഡ് പടരുന്നു: ഡല്‍ഹിയില്‍ ഇന്ന് മുതൽ സിറോ പരിശോധന

11 ജില്ലകളിലായി പ്രതിദിനം 22,000ലധികം പരിശോധനകൾ നടത്താനാണ് പദ്ധതി.

കോവിഡ് തീവ്രപരിശോധനക്കായി ഡൽഹിയിൽ ഇന്ന് മുതൽ സിറോ പരിശോധന തുടങ്ങും. വീടുകൾ തോറുമുള്ള പരിശോധനയും ഇന്ന് ആരംഭിക്കും. ഡൽഹിയിലെ രോഗബാധ വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

രോഗികളുടെ എണ്ണത്തിൽ മുംബൈയെ മറികടന്ന സാഹചര്യത്തിലാണ് ഡൽഹിയിൽ രോഗ പരിശോധന ഊർജ്ജിതപ്പെടുത്തുന്നത്. വീടുകൾ തോറും കയറി ആളുകളെ പരിശോധിക്കുകയും രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കുകയുമാണ് പുതിയ പദ്ധതി. ഇതിനായി പല സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ആർ.ടി – പിസിആർ, ആൻറിജെൻ ടെസ്റ്റുകൾ നടക്കുന്നുണ്ട്. ഇതിനു പുറമേയാണ് സിറോ സർവേലൻസ് എന്ന സിറോ സർവേ.

ഒരു കൂട്ടം ആളുകളെ ഒന്നിച്ച് പരിശോധിച്ച് രക്തത്തിൽ നിന്ന് സിറം ശേഖരിച്ച് രോഗം നിർണയിക്കുന്ന രീതിയാണിത്. 11 ജില്ലകളിലായി പ്രതിദിനം 22,000ലധികം പരിശോധനകൾ നടത്താനാണ് പദ്ധതി. മുമ്പ് കണ്ടയ്ൻമെൻറ് മേഖലകളിൽ മാത്രമായിരുന്നു പരിശോധന. 167 രോഗ നിർണയ കേന്ദ്രങ്ങളാണ് ഡൽഹിയിലുള്ളത്. നാഷണൽ സെന്‍റര്‍ ഡിസീസ് കൺട്രോളും ഡൽഹി സർക്കാരും സംയുക്തമായാണ് സർവേ നടത്തുന്നത്. രോഗികൾക്ക് പെട്ടെന്ന് ഓക്സിജൻ എത്തിക്കാനും രക്തത്തിൽ ഓക്സിജന്‍റെ തോത് അളക്കാനുള്ള പൾസ് ഓക്സിമീറ്റർ വിതരണം ചെയ്യാനും ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരിൽ ഭൂരിഭാഗവും ഓക്സിജന്‍റെ കുറവുകൊണ്ടാണ്.