National

തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പേ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് തിരിച്ചടി; വൈദ്യുതി നിരക്കില്‍ വര്‍ധന

തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക.

ഇന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വരിക. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് -98, ബിജെപി -77, ജെഡിഎസ് -11, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. വരുണയില്‍ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. ചന്നപട്ടണയില്‍ കുമാര സ്വാമിയും കനക് പുരയില്‍ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാര്‍വാര്‍ഡില്‍ ജഗദീഷ് ഷെട്ടാറും ഷിഗോണില്‍ ബസവരാജ് ബൊമ്മയും മുന്നിലാണ്.

ജെഡിഎസ് 30 കടന്നാല്‍ കാര്യം തീരുമാനിക്കുക അവരാകുമെന്നാണ് വിലയിരുത്തല്‍. ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ജെഡിഎസ് പിളര്‍പ്പിലേക്ക് നീങ്ങുമോയെന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ആദ്യ ഫലസൂചനകളില്‍ ഒമ്പതരയോടെ ട്രെന്‍ഡ് വ്യക്തമാകും. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകും.