India National

‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’

ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു.

“ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ ആക്രമിക്കപ്പെട്ടതിന് സമാനമാണിത്. എന്നിട്ടും ആരും ഹാഥ്റസിനെ പാകിസ്താനെന്ന് വിളിക്കുന്നില്ല”- സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിനെ പരാമർശം.

മുംബൈയെ പാക് അധീന കശ്മീരിനോട് താരതമ്യം ചെയ്ത കങ്കണ റണാവത്തിനെയും കങ്കണയെ പിന്തുണച്ച ബി ജെ പിയെയും ലക്ഷ്യം വെച്ചാണ് ഈ വിമർശനം. കങ്കണയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ച മുംബൈ കോർപറേഷനെ വിമർശിച്ചവർ ഹാഥ്റസിലെ പെൺകുട്ടിക്കായി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് സഞ്ജയ് റാവത്ത് ചോദിക്കുന്നു.

ഹാഥ്റസ് സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിശബ്ദതയെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്യുന്നു. കങ്കണക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ശിവസേന എംഎൽഎക്കെതിരെ കേസെടുത്ത കമ്മീഷൻ, ഹാഥ്റസ് സംഭവത്തിൽ എന്തുകൊണ്ട് മൌനം പാലിക്കുന്നുവെന്നാണ് ചോദ്യം. ദലിത് പെൺകുട്ടി ആയതു കൊണ്ടാണോ നീതിക്കായി ശബ്ദമുയരാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

2014 മുതല്‍ 2019 വരെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 12257 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാതിയും മതവും രാഷ്ട്രീയ സ്വാധീനവും നോക്കി മാത്രമാണ് ഇരകള്‍ക്ക് നീതി ലഭിച്ചത്. ഹാഥ്റസ് സംഭവം മഹാരാഷ്ട്രയിലാണ് ഉണ്ടായതെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന മുറവിളി ഉയരുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.