Europe India Pravasi Switzerland

മഹാത്മാഗാന്ധി വധിക്കപ്പെട്ടിട്ട് 73 വർഷം – നമ്മുടെ ഇന്ത്യയിൽ മഹാത്മജിയെ വിസ്മരിക്കുന്നുവോ ? – ജേക്കബ് മാളിയേക്കൽ

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ മഹാത്മജി യെക്കുറിച്ച് വളരെ കുറച്ചേ പഠിച്ചിട്ടുള്ളൂ എന്ന നോവുന്ന സത്യം തിരിച്ചരിച്ചറിഞ്ഞത് പ്രവാസി ആയതിന് ശേഷം മാത്രമാണ്. അമ്പത് വയസ്സിന് ശേഷമാണ് സത്യാന്വേഷണ പരീക്ഷണങ്ങളും ഫ്രീഡം അറ്റ് മിഡ്നൈറ്റും വായിക്കാൻ കഴിഞ്ഞത്. ഇവയൊന്നും പാഠ്യപദ്ധതിയിൽ ഉൾപെടുകയോ വായിക്കാനോ സാധിക്കാതെ പോയതിൽ നിരാശയും തോന്നിയിരുന്നു. സാക്ഷാൽ നെൽസൺ മണ്ടേലയും മുൻ അമേരിക്കൻ പ്രസിഡണ്ട് ഒബാമയും അവർക്ക് പ്രചോദനവും ഊർജ്ജവും നൽകിയത് മഹാത്മാഗാന്ധിയുടെ ആത്മകഥ ആണെന്ന് വ്യക്തമാക്കിയപ്പോൾ തികഞ്ഞ കുറ്റബോധം മനസ്സിൽ പതിഞ്ഞു.തത്വചിന്തകളിൽ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയ രാജ്യമാണ് ഭാരതം. സ്വാതന്ത്ര്യ സമര വിപ്ലവ മാനങ്ങൾക്ക് പുതിയൊരു ചിന്താധാരയായിരുന്നു ഭാരതത്തിൽ നിന്നും ഗാന്ധിജി ലോകത്തിന് കാണിച്ചു കൊടുത്തത്. ഇന്ന് ആ ധാർമ്മിക ചിന്തകൾക്ക് മേന്മയും പ്രസക്തിയും ഏറുകയാണ്. ഭാരതത്തിന്റെ ജനകോടികളുടെ രാഷ്ട്രപിതാവിന്റെ , മഹാത്മാവിന്റെ രക്തസാക്ഷി ദിനമാണല്ലോ ജനുവരി 30 ഈ ദിനത്തിൽ ഫ്രീഡം അറ്റ് മിഡ്നൈറ്റിൽ നിന്നും എടുത്ത വരികൾ പങ്കു വെക്കുന്നു.

….ഒരു സവാരി കഴിഞ്ഞു ഗവൺമെന്റ് മന്ദിരത്തിൽ തിരിച്ചെത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവച്ച വാർത്ത ലൂയി മൗണ്ട് ബാറ്റൺ അറിഞ്ഞത്. അടുത്ത മണിക്കൂറിനുള്ളിൽ ദശ ലക്ഷക്കണക്കിനാളുകൾ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹവും ഉന്നയിച്ചത്.” ആരത് ചെയ്തു” ? ഇന്ത്യയിലെ ജനകോടികൾക്ക് ഉണ്ടായ ആശങ്ക തന്നെ മൗണ്ട് ബാറ്റണും ഉണ്ടായി. ഗാന്ധിയുടെ ഘാതകൻ ഒരു മുസ്ലിം ആണെന്ന് വന്നാൽ ഒരു മഹാവിപത്ത് ഇന്ത്യയെ ഗ്രസിക്കുമെന്ന സുനിശ്ചിതത്വം.

“താമസിയാതെ അതായതു ഗാന്ധിജിയെ വെടിവച്ചതിന് വെറും മിനിട്ടുകൾക്ക് ശേഷം (വൈകുന്നേരം 5.20 ന് )വളരെ കരുതലോടെയുള്ള ഒരറിയിപ്പ് ഇന്ത്യയാകമാനം റേഡിയോ വഴി പ്രക്ഷേപണം ചെയ്തു. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചു. ഘാതകൻ നാഥുറാം ഗോഡ്‌സെ ബ്രാഹ്മിണ ജാതിയിൽപ്പെട്ട ഒരു ഹിന്ദുവാണ്”.

വെടികൊണ്ട് വീണ പൂന്തോട്ടത്തിൽ നിന്ന് മഹാത്മാഗാന്ധിയുട മൃതദ്ദേഹം ബിർളാ ഹൗസിലേക്ക് കൊണ്ടുപോയി, ഏതാനും മിനിട്ടുകൾക്ക് മുൻപ് അദ്ദേഹം അവസാനമായി തിരിച്ച ചർക്കക്കടുത്ത് ആ വൈക്കോൽ കിടക്കയിൽ കിടത്തി.രക്തത്തിൽ കുതിർന്ന മുണ്ടിനു മേൽ ആഭ ഒരു കമ്പിളി പുതപ്പ് ഇട്ടു മൂടി. അദ്ദേഹത്തിന്റെ സ്വന്തമായ സാധനങ്ങൾ ആരോ വൈക്കോൽ കിടക്കക്കരികിൽ കൊണ്ട് ചെന്ന് വച്ചു.മരം കൊണ്ടുള്ള മെതിയടികൾ, അദ്ദേഹത്തിന്റെ ഗീത, ഇൻഗർസോൾ വാച്ച്, കോളാമ്പി തുടങ്ങിയവ.

ലൂയി മൗണ്ട് ബാറ്റൺ ആ മുറിയിലേക്ക് കടന്ന് ചെല്ലുന്നതിന് മുൻപ് തന്നെ അവിടെ ദുഃഖിതർ തിങ്ങി കൂടിയിരുന്നു. വിളറി വെളുത്ത മുഖഭാവത്തോടെ ഭിത്തിയിൽ തലചാരി തറയിൽ പടഞ്ഞിരുന്ന നെഹ്രുവിന്റെ മുഖഭാവങ്ങൾ കണ്ണീരിൽ മുങ്ങിപ്പോയി.ഏതാനും അടി അകലെ ഇടിവെട്ടേറ്റ പട്ടേൽ, കുറച്ച് സമയം മുൻപ് വരെ താൻ സംസാരിച്ചു കൊണ്ടിരുന്ന മനുഷ്യന്റെ ശരീരത്തിൽ തന്നെ കണ്ണുകളുറപ്പിച്ചു കൽപ്രതിമ പോലെ ഇരിക്കുന്നു.

മൃദുവായ ഒരു ശബ്ദ ചലനം ആ മുറിയിൽ അലയടിച്ചു.മുന്നൊരുക്കം കൂടാതെ രൂപം കൊണ്ട ഗാന്ധിയുടെ ശവമഞ്ചപീഠത്തിന് ചുറ്റുമിരുന്ന് സ്ത്രീകൾ ഗീത ഉരുവിട്ടു.ഒരു ഡസനോളം എണ്ണവിളക്കുകളുടെ പ്രകാശം മഹാത്മാവിന്റെ മൃത ശരീരത്തിന് ദുഃഖമയവും ശാന്തവുമായ പരിവേഷം ചാർത്തി.നിശബ്ദമായി കരയുന്ന മനു, പ്രിയപ്പെട്ട ബാപ്പുവിന്റെ തല മടിയിൽ എടുത്തു വച്ചിരുന്നു.തലേ ദിവസം ആ തലയിൽ എണ്ണ പുരട്ടി തടവിയ വിരലുകൾ കൊണ്ട് ജീവനറ്റ ആ തലയോട്ടിയിൽ അവൾ മന്ദമായി തലോടി, മനുഷ്യ വർഗ്ഗത്തിന് വേണ്ടി പ്രവഹിച്ച അസംഖ്യം അപൂർവ്വാശയങ്ങളുടെ ഉറവിടമായിരുന്നല്ലോ അത്.

..ആ തിരി വെളിച്ചത്തിൽ നോക്കിയപ്പോൾ ഒരു നിമിഷത്തേക്ക് , ആ മുഖം തിരിച്ചറിയാൻ മൗണ്ട് ബാറ്റണ് കഴിഞ്ഞില്ല. വിസ്മയകരമായ ഒരു പ്രശാന്തത ആ മുഖത്തെ ആവരണം ചെയ്തിരുന്നു.ഇപ്പോൾ മരണത്തിൽ കാണപ്പെടുന്നത് പോലെ ജീവിതകാലത്തൊരിക്കലും അദ്ദേഹത്തിന്റെ മുഖ ഭാവങ്ങൾ സമാധാനപൂർവ്വവും പ്രശാന്തവുമായിരുന്നിട്ടില്ലെന്ന് മൗണ്ട് ബാറ്റൺ ചിന്തിച്ചു.ആരോ ഒരു പിടി പനിനീർ പൂവിതളുകൾ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. തൻ്റെ പ്രപിതാമഹിയുടെ സാമ്രാജ്യത്തിന് അറുതി വരുത്തിയ മനുഷ്യന് , ഇന്ധ്യയുടെ അവസാനത്തെ വൈസ്രോയിയുടെ അന്ത്യാഭിവന്ദനമായി ദുഃഖഭാരത്തോടെ അദ്ദേഹം ആ ചുവന്ന പുഷ്പദളങ്ങൾ താഴെ ശയിക്കുന്ന ശരീരത്തിൽ വിതറി. അത് പതിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിൽ ഒരു ചിന്ത ഉണർന്നു അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം അത് പറയുകയും ചെയ്തു. “ചരിത്രത്തിൽ ബുദ്ധനും യേശു ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കും”

…ഗാന്ധിജിക്ക് വെടിയേറ്റ അന്ന് വൈകുന്നേരം ഇന്ത്യാ മഹാരാജ്യത്തെ മഹാഭൂരിപക്ഷം വീടുകളിലും അടുപ്പുകൾ തീകൂട്ടിയില്ല ..ദുഃഖം തളം കെട്ടിയ മൂകത രാജ്യത്തൊട്ടാകെ മൂടി നിന്നു .വിശാല സമതലങ്ങളുടെടെയും വയലുകളുടെയും ഉച്ചലിക്കുന്ന വനതലങ്ങളുടെയും മുകളിൽ അന്തരീക്ഷം അച്ഛസ്പടിക തുല്യമായിരുന്നു. ബോംബെ ഒരു പ്രേതനഗരമായി. മലബാർ ഹില്ലിലെ മനോജ്ഞങ്ങളായ മാണി മന്ദിരങ്ങൾ മുതൽ പരേലിലെ ചേരികൾ വരെ ജനങ്ങൾ കരഞ്ഞു.കൽക്കട്ടയിലെ വിശാല മൈതാനം മിക്കവാറും വിജനമായിരുന്നു..മുഖത്ത് ഭസ്മം പുരട്ടിയ ഒരു സാധു നഗ്നപാദനായി തെരുവുകളിൽ കൂടി നടന്നു ഇങ്ങനെ വിലപിച്ചു. മഹാത്മാവ് മരിച്ചു അദ്ദേഹത്തെ പ്പോലെ മറ്റൊരാൾ ഇനി എന്നുണ്ടാകും ?.

ഡൽഹിയുടെ മറ്റൊരു ഭാഗത്ത് ഒരു ഹൃദയം തകർന്ന മനുഷ്യൻ തനിക്ക് ആവതില്ലെന്ന് നിരാശപ്പെട്ട വാക്കുകൾ ദുഃഖത്തിന്റെ അഗാതതയിലും കണ്ടെത്തി. അഖിലേന്ത്യ റേഡിയോയിലൂടെ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു..” നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം നിഷ്ക്രമിച്ചു: സാർവത്രികമായി അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയപ്പെട്ട നേതാവ് , രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായി, ഈ രാജ്യത്ത് പ്രസരിച്ചിരുന്ന പ്രകാശം ഒരു സാധാരണ വെളിച്ചം ആയിരുന്നില്ല.ആയിരം കൊല്ലം കഴിഞ്ഞാലും ആ പ്രകാശം അപ്പോഴും കാണും.ലോകം അത് കാണും. എണ്ണമറ്റ ഹൃദയങ്ങൾക്ക് അത് ആശ്വാസം നൽകും.എന്തെന്നാൽ താൽക്കാലിക സ്ഥിതിക്ക് അതീതമായ ചിലതിനെയാണ് ആ പ്രകാശം പ്രതിനിധാനം ചെയ്യുന്നത്. ശരിയായ മാർഗ്ഗം നമ്മെ അനുസ്മരിപ്പിക്കുകയും തെറ്റിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ഈ പുരാതന രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്ത ആ പ്രകാശം , ജീവിതത്തിനും ശാശ്വത സത്യങ്ങൾക്കുമാണ് പ്രതിനിധീഭവിക്കുന്നത്. ഏത് വെളിച്ചത്തിന്റെ തിരോധനത്തെക്കുറിച്ചാണോ നെഹ്‌റു വിലപിച്ചത് ആ വെളിച്ചം ഇന്ത്യക്കെന്നപ്പോലെ ലോകത്തിനും അവകാശപ്പെട്ടതായിരുന്നു.

“ചിതാഗ്നി എരിഞ്ഞടങ്ങികൊണ്ടിരിക്കുന്ന ആ രാത്രി മുഴുവനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ദുഃഖിതരായ ജനാവലി ആ മനുഷ്യന്റെ പുകയുന്ന അവശിഷ്ടങ്ങളെ മൂകമായി പ്രദക്ഷിണം ചെയ്തുകൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു. അവർക്കിടയിൽ, ആരും അറിയാതെ, ആരും ഗൗനിക്കാതെ, ആ ചിതാഗ്നി കൊളുത്തേണ്ടിയിരുന്നവനായ മനുഷ്യനും ഉണ്ടായിരുന്നു.മദ്യത്താലും ക്ഷയരോഗത്താലും നശിപ്പിക്കപ്പെട്ട ,പരിത്യക്തനായ , മഹാത്മാഗാന്ധിയുടെ മൂത്ത പുത്രൻ ഹരിലാൽ”.

ആരുടെ പാപ മോചനത്തിന് വേണ്ടി ഗാന്ധിജി ജീവിച്ചുവോ, ആ സ്വജനങ്ങൾ തന്നെ അദ്ദേഹത്തെ വധിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നത് ഒരു വെള്ളിയാഴചയാണ് – ആയിരത്തിതൊള്ളായിരത്തിപതിനഞ്ചു വർഷങ്ങൾക്ക് മുൻപ് യേശുവിനെ കൊലപ്പെടുത്തിയ അതേ ദിവസം. പിതാവേ ഞങ്ങളോട് പൊറുക്കേണമേ ( ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡ് മുഖപ്രസംഗത്തിൽ നിന്നും 1948 ജനുവരി 31 )

മഹാത്മാഗാന്ധി വധത്തിന് ശേഷം ഗോഡ്‌സെ കുടുംബം

മഹാത്മാവിന്റെ വധത്തിനെ തുടർന്ന് അതിന്റെ കർത്താവായ നാഥുറാം ഗോഡ്‌സെയെ കൈയിൽ കൈതൊക്കോട് കൂടി കസ്റ്റഡിയിൽ എടുത്തു.അറസ്റ്റിനെ ചെറുക്കാൻ അയാൾ ഒരു ശ്രമവും നടത്തിയില്ല. കൂടാതെ ഗാന്ധിയെ വധിക്കാൻ ഗൂഢാലോചനയിൽ പങ്കെടുത്ത എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.ആപ്‌തെ, നാഥുറാം ഗോഡ്‌സെ, സഹോദരൻ ഗോപാൽ ഗോഡ്‌സെ, മദൻലാൽ,കർക്കറെ ,സവർക്കർ, പർച്ചുറെ ,ദിഗംബർ എന്നീ എട്ടു പ്രതികളെ 1948 മെയ് 27 ന് വിചാരണ ചെയ്തു. രാഷ്ട്രീയ ഉദ്ദേശ്യങ്ങളാൽ നടത്തപ്പെട്ട ഈ കൊലക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും മറ്റാരും താനുമായി ഒരു ഗൂഢാലോചനയിലും പങ്കു ചേർന്നിട്ടില്ലെന്നും ആദ്യം മുതൽ തന്നെ നാഥുറാം ഗോഡ്‌സെ അവകാശപ്പെട്ടു.എന്നാൽ ഗോഡ്സെയുടെ വാദം കോടതി ചെവിക്കൊണ്ടില്ല , എട്ടിൽ ഏഴു പേരും ശിക്ഷിക്കപ്പെട്ടു. നാഥുറാം ഗോഡ്സേക്കും ആപ്തെക്കും വധശിക്ഷ ലഭിച്ചു,മറ്റുള്ളവർക്ക് ജീവപര്യന്തവും. തെളിവില്ലാത്തതിനാൽ വീര സവർക്കറെ വെറുതെ വിടുകയും ചെയ്തു.

തന്റെ കുടുംബത്തിന് വിട്ടു കൊടുക്കുവാനുള്ള ഒരേയൊരു സമ്പാദ്യം തന്റെ ചാരം മാത്രമാണെന്ന് നാഥുറാം ഗോഡ്‌സെ മരണപത്രത്തിൽ പ്രഖ്യാപിച്ചിരുന്നു. ഏതു സ്വപ്നത്തിന് വേണ്ടിയായിരുന്നോ താൻ കൊലപാതകം ചെയ്തത് , ആ സ്വപ്നം സാക്ഷാൽക്കരിക്കുന്നത് വരെ , അമരത്വത്തിലേക്കുള്ള പ്രവേശനം മാറ്റി വെക്കുവാൻ അയാൾ നിശ്ചയിച്ചു.ഹൈന്ദവാചാര പ്രമാണങ്ങൾ ലംഘിച്ചുകൊണ്ട് , തന്റെ ചാരം കടലിലേക്ക് ഒഴുക്കുന്ന ഒരു ജലപ്രവാഹത്തിൽ ഒഴുക്കരുതെന്ന് അയാൾ നിർദ്ദേശിച്ചു. ഒരു ഹൈന്ദവ ഭരണത്തിൻകീഴിൽ ഏകീകരിക്കപ്പെടുന്ന ഉപഭൂഖണ്ഡത്തിലൂടെ പ്രവഹിക്കുന്ന സിന്ധു നദിയിൽ അതൊഴുക്കാൻ കഴിയുന്നതുവരെ തലമുറ തലമുറകളായി കൈമാറി സൂക്ഷിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു.

നാഥുറാം ഗോഡ്സെയെടെ ചിതാഭസ്മം ഗോഡ്സെ, സവർക്കർ കുടുംബക്കൂട്ടായ്മയിലൂടെ സൂക്ഷ്മമായി ഇന്നും സൂക്ഷിച്ചു പോരുന്നു . ഗോഡ്‌സെയുടെ സ്വപ്നം അതിന്റെ സാക്ഷാൽക്കാരവും കാത്തുകൊണ്ട്. . .

ഗോപാൽ ഗോഡ്‌സെ ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായി പൂനെ യിൽ ജീവിച്ചു. 2005 ലാണ് അയാൾ മരണമടഞ്ഞത്. പശ്ചാത്താപബോധമോ പാപ ബോധമോ ലവലേശം ഇല്ലാതെ അയാൾ തീവ്രവാദി സുഹൃത്തുക്കളുമായി നാഥുറാം ഗോഡ്‌സെയുടെ “രക്തസാക്ഷി ദിനം” വര്ഷം തോറും ആചരിച്ചു പോന്നു. ഗോപാൽ ഗോഡ്‌സെയുടെ പുത്രി അസീലത സവർക്കറുടെ സഹോദരപുത്രൻ അഷോക് സവർക്കറെ വിവാഹം ചെയ്തു. ഗോപാൽ ഗോഡ്‌സെ നീണ്ടകാലം ഹിന്ദു മഹാസഭയുടെ സെക്രട്ടറി ആയി തുടരുകയും ചെയ്തു.

“ഇന്ന് ഇന്ത്യക്ക് പുറത്ത് എഴുപത്തഞ്ചിലധികം വിദേശ രാജ്യങ്ങളിൽ ഗാന്ധിജിയോടുള്ള ബഹുമാനാർത്ഥം മഹാത്മാവിന്റെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു.ലോകനേതാക്കൾ ഗാന്ധിജിയെ വായിക്കുകയും അദ്ദേഹത്തിന്റെ അഹിംസാസിദ്ധാന്തവും സമരരീതികളും പ്രകൃതിസ്നേഹവും ജീവിതവീക്ഷണവും പഠനവിധേയമാക്കി പരീക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ ഇന്ത്യയിൽ മഹാത്മജിയെ വിസ്മരിക്കുന്നത് കാണാതിരിക്കാനാവില്ല”.