India Kerala

FIRന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സർക്കുലർ

പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷണറുടെ സർക്കുലർ. എംവിഡി കേസ് അന്വേഷിച്ചിട്ട് വേണം നടപടിയെടുക്കാനെന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്തിന്റെ നിർദേശം. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനായാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയിരിക്കുന്നത്.

വഹാനപകടങ്ങളിൽ പൊലീസ് തയ്യാറാക്കുന്ന എഫ്ഐആർ അടിസ്ഥാനമാക്കിയാണ് എംവിഡി നടപടിയെടുത്തിരുന്നത്. വാഹന ഉടമകൾക്ക് വേണ്ടത്ര സമയം കൊടുക്കുന്നില്ലേ എന്ന് ഹൈക്കോടതി പല കേസുകളിലും ചോദിച്ചിരുന്നു. ഇനി മുതൽ എംവിഡ‍ി ഉദ്യോ​ഗസ്ഥർ കേസ് പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വേണം ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ താഴോട്ടുള്ള ഉദ്യോ​ഗസ്ഥർക്കാണ് ഗതാഗത കമ്മീഷണറുടെ സർക്കുലർ.

ഇതുകൂടാതെ മറ്റു ചിലമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഇടിച്ചിട്ട് നിർത്താതെ പോകൽ തുടങ്ങിയ കേസുകളിലും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മൊബൈൽ ഫോണിൽ സംസാരിച്ച് മൂന്നു തവണ പിടിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യും.